കടത്തിലും മുന്നിൽ അംബാനി തന്നെ:കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടം റിലയൻസിന്

0
262

ഇന്ത്യയിലെ മുൻനിര വ്യവസായികളുടെ കടത്തിന്റെ കണക്കുകൾ പുറത്ത്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ കടം. 2.20 ലക്ഷം കോടി രൂപയുടെ കടവുമായി വൈദ്യുതി മേഖലയിലെ പ്രമുഖരായ എൻടിപിസിയാണ് രണ്ടാം സ്ഥാനത്ത്.

വോഡഫോൺ ഐഡിയയുടെ കടം 2.01 ലക്ഷം കോടി രൂപയാണ്. ഭാരതി എയർടെല്ലിന് 1.65 ലക്ഷം കോടി രൂപയുടെ കടമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 1.40 ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ട്. ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ 1.29 ലക്ഷം കോടി രൂപയുടെ കടബാധ്യതയുമായി തൊട്ടുപുറകിലുണ്ട്.

1.26 ലക്ഷം കോടി രൂപയുടെ കടവുമായി പവർ ഗ്രിഡ് കോർപ്പറേഷനും, 1.25 ലക്ഷം കോടി രൂപയുടെ കടവുമായി ടാറ്റ മോട്ടോഴ്‌സും പിറകിലുണ്ട്. 1.01 ലക്ഷം കോടി രൂപ കടവുമായി ഗ്രാസിം ഇൻഡസ്ട്രീസാണ് പട്ടികയിൽ ഏറ്റവും അവസാനമുള്ളത്. അദാനി ഗ്രൂപ്പ് കമ്പനികൾ ഈ പട്ടികയിൽ ഇല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത.