ഓഹരിയാക്കി മാറ്റാൻ സാധിക്കാത്ത കടപ്പത്രങ്ങളിലൂടെ 1,000 കോടി രൂപ സമാഹരിക്കാൻ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ(NBFC) മുത്തൂറ്റ് ഫിനാൻസ്. ജനുവരി 8 മുതൽ 19 വരെയാണ് ഇഷ്യൂ. 60,000 കോടി രൂപയോളം വിപണിമൂല്യമുള്ള കമ്പനിയാണ് സ്വർണ വായ്‌പാ വിതരണ രംഗത്തെ മുൻനിരക്കാരായ മുത്തൂറ്റ് ഫിനാൻസ്. 1,000 രൂപയാണ് കടപ്പത്രത്തിന്റെ മുഖവില. അടിസ്ഥാന ഇഷ്യു വലിപ്പം 100 കോടി രൂപയാണെങ്കിലും 900 കോടി രൂപ വരെ അധികം സ്വരൂപിക്കാനുള്ള അനുവാദം കമ്പനിക്കുണ്ട്. കടപ്പത്രം ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്യും.
ഡബിൾ എ പ്ലസ് സ്‌റ്റേബിൾ റേറ്റിംഗാണ്, റേറ്റിംഗ് ഏജൻസിയായ ഐ.സി.ആർ.എ (ICRA) നൽകിയിരിക്കുന്നത്. കടപ്പത്രത്തിന്റെ സുരക്ഷിതത്വത്തെയാണ് റേറ്റിംഗ് സൂചിപ്പിക്കുന്നത്. പ്രതിമാസ, വാർഷിക പലിശ, കാലാവധി റിഡംപ്ഷൻ ഉൾപ്പെടെ ഏഴ് നിക്ഷേപക ഓപ്ഷനുകൾ കടപ്പത്രത്തിന് ലഭ്യമായിരിക്കും. വാർഷികാടിസ്ഥാനത്തിൽ 8.75 ശതമാനം മുതൽ 9 ശതമാനം വരെയാണ് പലിശ നിരക്ക്.