2023ൽ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്‌ത ആസ്‌തിയിൽ ഉണ്ടായത് 10.9 ലക്ഷം കോടി രൂപയുടെ വർധന. 2022ലെ തിളക്കം മങ്ങിയ പ്രകടനത്തിന് ശേഷം 2023ൽ മികച്ച തിരിച്ചുവരവാണ് മ്യൂച്വൽ ഫണ്ട് വ്യവസായം നടത്തിയത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയുടെ (ആംഫി) കണക്കുകൾ പ്രകാരം മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 27 ശതമാനം ഉയർന്ന് 50.78 ലക്ഷം കോടി രൂപയിലെത്തി.
ഓഹരി വിപണിയുടെ മുന്നേറ്റം, പലിശ നിരക്കിലെ സ്ഥിരത, ശക്തമായ സാമ്പത്തിക വളർച്ച എന്നിവയാണ് കഴിഞ്ഞ വർഷം മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് കരുത്തായത്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്.ഐ.പി) വഴിയുള്ള നിക്ഷേപമാണ് വ്യവസായത്തിലെ വളർച്ചയെ ഏറ്റവും കൂടുതൽ പിന്തുണച്ചതെന്നാണ് വിദഗ്‌ധർ പറയുന്നത്. മുൻവർഷം 71,000 കോടി രൂപയുടെ നിക്ഷേപം നടന്നപ്പോൾ 2023ൽ ഇത് 2.7 ലക്ഷം കോടി രൂപയായി. കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഇടിവിന് ശേഷമാണ് 2023ൽ മ്യൂച്വൽ ഫണ്ട് വ്യവസായം മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.