ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ പെർസെവറൻസ് റോവർ. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് ചൊവ്വാ ദൌത്യം വെളിച്ചം വീശുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളവും, സൂക്ഷ്മജീവികളുമുണ്ടായിരുന്നുവെന്ന സംശയത്തെ ബലപ്പെടുത്തുന്ന തെളിവുകളാണ് പുറത്തുവരുന്നത്.
കാലിഫോർണിയ സർവകലാശാലയിലെയും, ഓസ്‌ലോ സർവകലാശാലയിലെയും സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണം സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഭൂമിയിലെ തടാകങ്ങളിലെ പോലെ മണ്ണിന്‍റെ അവശിഷ്ടങ്ങള്‍ ജെറെസോ തടാകത്തിലും ഉണ്ടായിരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. നിലവില്‍ തണുത്തുറഞ്ഞ് ജീവനില്ലാത്ത ചൊവ്വ ഒരു കാലത്ത് ജലമുള്ളതും, വാസയോഗ്യവുമായിരുന്നിരിക്കാമെന്ന കണ്ടെത്തലാണ് പഠനം മുന്നോട്ടുവെയ്ക്കുന്നത്. 2020 ജൂലൈയിൽ നാസ വിക്ഷേപിച്ച പെർസെവറൻസ് 2021 ഫെബ്രുവരി 19ന് ചൊവ്വയില്‍ ലാന്‍ഡ് ചെയ്തു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ, വാസയോഗ്യമാണോ എന്ന് കണ്ടെത്തുകയാണ് റോവറിന്റെ ലക്ഷ്യം.