കാത്തിരിപ്പിന് വിരാമമിട്ട് ഓല ഓഹരി വിപണിയിലേക്ക്:5,500 കോടി രൂപ സമാഹരിക്കും

0
126

ഓഹരി വിപണിയിലേക്ക് പ്രവേശിക്കാൻ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ഓല. ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയ്ക്കായി (IPO) ഓല ഇലക്ട്രിക് സെബിക്ക് അപേക്ഷ സമർപ്പിച്ചു. ഇന്ത്യൻ ഓഹരി വിപണിയിലേക്ക് കടക്കുന്ന ആദ്യ ഇ.വി(ഇലക്ട്രിക് വെഹിക്കിൾ) കമ്പനിയാണ് ഓല. പുതിയ ഓഹരികളിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ ഓഹരി ഉടമകളുടെ ഓഹരി വിൽക്കുന്ന ഓഫർ-ഫോർ- സെയിൽ വഴി 9.5 കോടി ഓഹരികൾ വിൽക്കും. സ്ഥാപകൻ ഭവിഷ് അഗർവാൾ 4.74 കോടി ഓഹരികൾ ഒ.എഫ്.എസിൽ വിൽക്കും. 10 രൂപ മുഖവിലയുള്ളതാണ് ഓഹരികൾ.

2024 ഓടെ 700-800 കോടി ഡോളര്‍ (ഏകദേശം 65,000-75,000 കോടി രൂപ) മൂല്യമുള്ള കമ്പനിയായി മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ പൊതുവായ ആവശ്യങ്ങൾക്കും, ഉത്പന്ന വികസനം, വായ്‌പാ തിരിച്ചടവ്, സബ്‌സിഡിയറികൾക്ക് കടം നൽകൽ, മൂലധന ചെലവുകൾ, ഓല ജിഗാഫാക്ടറി പദ്ധതി എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കും.

ഇലക്ട്രിക് ടൂവീലർ വിൽപ്പനയിൽ രാജ്യത്ത് തന്നെ മുൻപന്തിയിലുള്ള കമ്പനിയാണ് ഓല ഇലക്ട്രിക്. 32 ശതമാനം വിപണി പങ്കാളിത്തമാണ് ഓലയ്ക്കുള്ളത്. 2021ലാണ് ഓല ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. നിലവില്‍ ഓല എസ്1 എക്‌സ്, എസ്1 പ്രോ, എസ്1 എയര്‍ എന്നീ മൂന്ന് മോഡലുകള്‍ കമ്പനിക്കുണ്ട്.