‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തില്‍ 251 സംരംഭങ്ങള്‍ ആരംഭിച്ചു. ഇതുവഴി 496 പേര്‍ക്ക് തൊഴില്‍ നല്കി. സംസ്ഥാനത്ത് വ്യാവസായിക മുന്നേറ്റം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം’ പദ്ധതിയുടെ ഭാഗമായി പീരുമേട് നിയോജക മണ്ഡലത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിലവിലെ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചത്. അഴുത ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വാഴൂര്‍ സോമന് എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് അവലോകനയോഗം ചേര്‍ന്നത്. തദ്ദേശ സ്വയംഭരണം, സഹകരണം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം ചേര്‍ന്നത്.
ചില പഞ്ചായത്തുകളില്‍ ബാങ്കില്‍ നിന്നും ഒരു ലോണ്‍ പോലും ലഭ്യമാക്കാന്‍ കഴിയാത്തത് പോരായ്മയായി എംഎല്‍എ ചൂണ്ടികാട്ടി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകണമെന്നും ജനപ്രതിനിധികളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും എംഎല്‍എ പറഞ്ഞു. പീരുമേട് നിയോജക മണ്ഡലത്തിലെ 9 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതിയുടെ ഭാഗമായി 680 സംരംഭങ്ങള്‍ തുടങ്ങുകയാണ് ലക്ഷ്യം. ഓരോ പഞ്ചായത്തിനും ഓരോ വ്യാവസായിക വകുപ്പ് ഇന്റേണുകളെ നിയോഗിച്ചിട്ടുണ്ട്. യോഗത്തില്‍ ഇന്റേണുകള്‍ പവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന 621 പേരെ മണ്ഡലത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി സംരംഭം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വായ്പ അടക്കമുള്ള സഹായം സമയബന്ധിതമായി ലഭ്യമാക്കുന്നുണ്ട്. പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ശില്‍പ്പശാല സംഘടിപ്പിച്ചിരുന്നു. തൊഴിലന്വേഷകരും ചെറുപ്പക്കാരും വീട്ടമ്മമാരും വിദ്യാര്‍ഥികളും അടക്കം വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് സംരംഭകരായി മാറാനുള്ള അവസരമുണ്ട്.
അവലോകന യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം.ടി., പീരുമേട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിനി ജയകുമാര്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ രാജഗോപാല്‍ ജി., വ്യവസായ വകുപ്പ് ജില്ലാ ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് സാഹില്‍ മുഹമ്മദ്, അഴുത ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ രഘുനാഥ് കെ. എ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, സെക്രട്ടറിമാര്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.