ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയത് 24.82 കോടി പേര്‍. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കുടുതല്‍ ദാരിദ്ര്യമുക്തി. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂൾ ഹാജർനില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ 12 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് നിതി ആയോഗിന്റെ കണ്ടെത്തൽ.
രാജ്യത്തെ ബഹുതല ദാരിദ്ര്യം 2013-14 ലെ 29.17 ശതമാനത്തിൽ നിന്ന് 2022-23 ൽ 11.28 ശതമാനമായി കുറഞ്ഞതായാണ് നീതി ആയോഗിന്റെ കണക്ക്. ഇക്കാലയളവിൽ 17.89 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 42.59 ശതമാനത്തിൽ നിന്നും 17.40 ശതമാനമായാണ് ഉത്തർപ്രദേശിലെ ദാരിദ്ര്യനിരക്ക് കുറഞ്ഞത്. 5.94 കോടി ആളുകളാണ് ഉത്തർപ്രദേശിൽ ദാരിദ്ര്യമുക്തി നേടിയത്. 3.77 കോടി ദാരിദ്ര്യമുക്തരുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്. മൂന്നാമതെത്തിയ മധ്യപ്രദേശിൽ 2.30 കോടിപേരാണ് ദാരിദ്ര്യമുക്തി നേടിയത്.
ഒമ്പതുവർഷം മുമ്പ് 1.24 ശതമാനമായിരുന്ന കേരളത്തിന്റെ ദാരിദ്ര്യ സൂചിക 2023-ൽ 0.48 ശതമാനമായി കുറഞ്ഞു. 2.72 ലക്ഷം പേരാണ് കേരളത്തിൽ ദാരിദ്ര്യമുക്തി നേടിയത്. മറ്റു കാലഘട്ടങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ രാജ്യത്തെ കാർഷികമേഖല പുരോഗതി കൈവരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.