തിരിച്ചടവ് മുടങ്ങി:ബൈജൂസിനെതിരെ പാപ്പരത്ത ഹർജി നൽകി വായ്‌പാദാതാക്കൾ

0
211

വായ്‌പാ തിരിച്ചടവ് മുടങ്ങിയതോടെ ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾക്കൊരുങ്ങി വിദേശ വായ്‌പാദാതാക്കൾ. കഴിഞ്ഞയാഴ്‌ച ബംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ കമ്പനികൾ പാപ്പരത്ത ഹർജി ഫയൽ ചെയ്‌തു. ടേം ലോൺ ബി പ്രകാരം മൊത്തം 120 കോടി ഡോളറാണ് യു.എസ് വായ്‌പാദാതാക്കളിൽ നിന്ന് ബൈജൂസ് വായ്‌പയെടുത്തിട്ടുള്ളത്. ഇതിൽ 85 ശതമാനവും നൽകിയിട്ടുള്ള വായ്‌പാദാതാക്കളാണ് പാപ്പരത്ത ഹർജി സമർപ്പിച്ചിരിക്കുന്നത്.

വായ്‌പാദാതാക്കളും ബൈജുസും തമ്മിൽ കഴിഞ്ഞ ഒരു വർഷത്തിലധികമായി ടി.എൽ.ബി കരാറിനെ ചൊല്ലി തർക്കം നടക്കുന്നുണ്ട്. 2023 ഓഗസ്റ്റ് മൂന്നിന് മുൻപ് വായ്‌പാ ഭേദഗതിയിൽ എത്തേണ്ടിയിരുന്നു. എന്നാൽ 16 മാസം കഴിഞ്ഞിട്ടും വായ്‌പാ പുനഃസംഘടനയിലേക്കെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ബൈജൂസിനെതിരെ പാപ്പരത്ത ഹർജിയുമായി മുന്നോട്ട് പോകാൻ വായ്‌പാദാതാക്കൾ തീരുമാനിച്ചത്.

എന്നാൽ വിദേശ വായ്‌പാദാതാക്കളുടെ നടപടി അടിസ്ഥാന രഹിതവും വായ്‌പാ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേയാണെന്നും ബൈജൂസ് വ്യക്തമാക്കി. വായ്‌പാ പലിശ തിരിച്ചടയ്ക്കാനും സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും പണം സമാഹരിക്കാൻ ബൈജൂസ് ശ്രമം നടത്തുന്നതിനിടെയാണ് പുതിയ നീക്കം.