മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ല രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷന്‍ ഏറ്റുവാങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിവി നാഗേന്ദ്ര പ്രസാദില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.
നിരവധി അസാധാരണ വ്യക്തിത്വങ്ങള്‍ക്കൊപ്പം അംഗീകരിക്കപ്പെടാനും പദ്മഭൂഷണ്‍ ഏറ്റുവാങ്ങാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് നദെല്ല പറഞ്ഞു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. സാങ്കേതിക വിദ്യ ഉപയോഗിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ളവരുമായി ഇനിയും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമഗ്ര വികസനത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യക്കുള്ള സുപ്രധാന പങ്കിനെ കുറിച്ചും അദ്ദേഹം നാഗേന്ദ്ര പ്രസാദുമായി സംസാരിച്ചു. ജനുവരിയില്‍ താന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.