കുതിച്ച് കുരുമുളക് വില: കിതച്ച് കർഷകർ

0
1662

കുരുമുളക് വില മുന്നേറുമ്പോഴും സാധാരണ കർഷകർക്ക് പ്രയോജനമി​ല്ലെന്ന് ആക്ഷേപം. ഒരാഴ്ചയിൽ കുരുമുളക് വില വർധിച്ചത് 500ൽ നിന്ന് 580ൽ. സാധാരണക്കാരായ കുരുമുളക് കർഷകരുടെ കൈയിൽ ചരക്കില്ലാത്തതുകൊണ്ട് കർഷകർക്ക് ഇപ്പോഴത്തെ വില വർദ്ധന കാര്യമായ ഗുണം ചെയ്യില്ല. കുരുമുളക് സ്റ്റോക്കുള്ള കർഷകരും വ്യാപാരികളും മുളക് വിൽക്കാൻ തയ്യാറാകാത്തതും വിപണി വില ഉയർന്നു നിൽക്കുന്നതിന് കാരണമായി.

ഉത്തരേന്ത്യൻ കച്ചവടക്കാർ ഏറെയും വിപണിയിൽ കുരുമുളക് വാങ്ങാനെത്തിയതാണ് അൺഗാർബിൾഡ് മുളകിന് 500ൽ നിന്ന് 580ൽ എത്തി കുതിപ്പ് തുടരുന്നത്.

കൊച്ചിയി​ൽ വില ദിവസം 10 മുതൽ 50 രൂപ വരെ കൂടി 580 ൽ എത്തിയെങ്കിലും കുരുമുളക് കിട്ടാതായതോടെ കൊച്ചി വിലയേക്കാൾ 10 മുതൽ 50 രൂപ വരെ വില ഉയർത്തിയാണ് ചെറുകിട കച്ചവടക്കാർ ബുധനാഴ്ച കുരുമുളക് വാങ്ങിയത്. ഉത്തരേന്ത്യൻ ഡിമാന്റ് തുടരുന്നതും ശ്രീലങ്ക, വിയറ്റ്‌നാം കുരുമുളകിന്റെ വരവ് കുറഞ്ഞതും വിപണിയിൽ വില ഉയരുന്നതിന് കാരണമായി. പല തരത്തിലുള്ള രോഗബാധകളും കൃഷി നാശവും കുരുമുളക് ഉത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്‌പൈസസ് ബോർഡ് കുരുമുളക് ഉത്പാദനം ഉയർത്തുന്നതിനുള്ള യാതൊരു പദ്ധതികളും ആസൂത്രണം ചെയ്തിട്ടുമില്ല. കഴിഞ്ഞ ഒരു വർഷത്തിന് ശേഷമാണ് കുരുമുളക് വില വീണ്ടും 500 ന് മുകളിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ കുരുമുളക് വില 500 ൽ എത്തിയിരുന്നു. 2023 ജനുവരിയ്ക്ക് ശേഷം കുരുമുളക് വിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇപ്പോൾ കുരുമുളകിന് ആവശ്യക്കാർ ഉള്ളത് കൊണ്ട്, വരുന്ന ആഴ്ചയിലും വില കൂടുമെന്നാണ് കുരുമുളക് മൊത്ത വ്യാപാരികൾ നൽകുന്ന നൽകുന്ന സൂചന.