സ്‌മാർട്ട്സ്‌പീക്കർ സൗകര്യത്തിനായി ഫോൺപേയുമായി കൈകോർത്ത് നടൻ മമ്മൂട്ടി. പണമിടപാട് നടന്ന വിവരം സ്‌പീക്കറിലൂടെ അറിയിക്കുന്ന സംവിധാനമാണ് സ്‌മാർട്ട്സ്‌പീക്കർ. ഇനി മുതൽ പണമിടപാട് നടത്തിയ വിവരം മലയാളത്തിലും ഇംഗ്ലീഷിലും മമ്മൂട്ടിയുടെ ശബ്ദത്തിൽ കേൾക്കാം. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ മഹേഷ് ബാബു, കിച്ചാ സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദത്തിലാണ് സന്ദേശമെത്തുക.
ഫോൺപേ ഫോർ ബിസിനസ് ആപ്പ് വഴി വ്യാപാരികൾക്ക് ഈ സൗകര്യം ലഭ്യമാക്കാം. ഒരു വർഷം മുമ്പ് ആരംഭിച്ച സ്‌മാർട്ട് സ്‌പീക്കർ സൗകര്യം 48 ലക്ഷത്തിലധികം ഉപകരണങ്ങളിലാണ് ഉപയോഗിക്കുന്നത്. കേരളത്തിൽ ശരാശരി 5.8 കോടി പ്രതിമാസ ട്രാൻസാക്ഷനുകൾ ഫോൺ പേ സ്‌മാർട്ട് സ്‌പീക്കറുകൾ വഴി അറിയിക്കുന്നുണ്ട്. 2016 ഓഗസ്റ്റിൽ പ്രവർത്തനമാരംഭിച്ച ഫോൺപേ വഴി പ്രതിദിനം 21.5 കോടിയിലധികം ഇടപാടുകളാണ് നടക്കുന്നത്.