മലയാളത്തിലെ ആദ്യ നായികയ്ക്ക് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. ഇന്ത്യയിലെ തന്നെ ആദ്യ ദളിത് ചലച്ചിത്ര നടിയായ പി.കെ റോസിയുടെ ചിത്രമാണ് ഇന്ന് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ തുറക്കുമ്പോള്‍ തെളിഞ്ഞു വരിക. വിഗതകുമാരന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ റോസി, ഏറെ പ്രതിബന്ധങ്ങളെ നേരിട്ടുകൊണ്ടായിരുന്നു ചലച്ചിത്ര രംഗത്തെത്തിയത്. സിനിമയടക്കം സമൂഹത്തിലെ പല മേഖലകളിലും സ്ത്രീകള്‍ക്ക് കടന്നു വരാന്‍ സാധിക്കാതിരുന്ന ഒരു കാലത്തായിരുന്നു റോസിയുടെ സിനിമയിലേക്കുള്ള കടന്നുവരവ്. ഇന്നും ഓരോ വനിതയ്ക്കും അവളുടെ കഥ പ്രചോദനമാണ്. നായര്‍ സ്ത്രീയായ സരോജിനിയായാണ് വെള്ളിത്തിരയില്‍ റോസി എത്തിയത്. ദളിത് യുവതി നായര്‍ സ്ത്രീയായി വേഷമിട്ടതിലും അന്ന് ഏറെ പ്രതിഷേധങ്ങള്‍ സമൂഹത്തില്‍ നിന്ന് അവള്‍ക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. മുതിര്‍ന്ന ജാതിക്കാര്‍ അവളുടെ വീട് അഗ്നിക്കിരയാക്കി. ജീവ ഭയത്താല്‍ തമിഴ്‌നാട്ടിലേക്ക് ഒരു ലോറിയില്‍ കയറി നാടുവിടേണ്ടി വന്നു റോസിക്ക്. പിന്നീട് ലോറി ഡ്രൈവറായ കേശവന്‍ പിള്ളയെ വിവാഹം കഴിച്ച് രാജമ്മാള്‍ എന്ന പേരില്‍ തമിഴ്‌നാട്ടില്‍ ജീവിച്ചു.
പിന്നീടൊരിക്കലും വെള്ളിത്തിരയിലേക്കോ പ്രശസ്തിയുടെ ലേകത്തേക്കോ അവള്‍ മടങ്ങിയെത്തിയില്ല.
എന്നാല്‍ ഇന്നും ഒഴിച്ചുകൂടാനാകാത്ത ഒരേടായി പികെ റോസിയെന്ന കലാകാരി മലയാള സിനിമാ ചരിത്രത്തിലും സിനിമാപ്രേമികളുടെ മനസ്സിലും അവശേഷിക്കുന്നു.