ഇന്ത്യയെ വികസിത രാജ്യമാക്കാൻ ലക്ഷ്യമിട്ടുള്ള വിഷൻ 2047 ഡോക്യുമെന്റിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും ഡിസംബറോടെ കരട് തയ്യാറാക്കുമെന്നും നിതി ആയോഗ് സിഇഒ ബി.വി.ആർ സുബ്രഹ്മണ്യം. ലക്ഷ്യം നേടുന്നതിനായി സർക്കാരിന്റെ പ്രവർത്തനഘടനയിലടക്കം മാറ്റങ്ങളുണ്ടാകുമെന്ന് നീതി ആയോഗ് സിഇഒ പറഞ്ഞു. നിലവിൽ 30 ട്രില്യൺ ഡോളറാണ് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മൂല്യം. ഈ മൂല്യത്തിലേക്ക് 2047ഓടെ ഇന്ത്യയെ എത്തിക്കാനുള്ള പദ്ധതിയാണ് സർക്കാർ ഒരുക്കുന്നത്. നിലവില്‍ 3.7 ട്രില്യണ്‍ ഡോളര്‍ മൂല്യവുമായി ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമാഘോഷിക്കുന്ന 2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുകയാണ് വിഷൻ 2047ന്റെ ലക്ഷ്യം. ലക്ഷ്യം കൈവരിക്കാനായി അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാങ്കേതികവിദ്യ എന്നിവയിൽ വൻതോതിൽ നിക്ഷേപം നടത്തും. കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. എല്ലാ ഇന്ത്യക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണിത്.