ഇന്ത്യയുടെ ഗഗനചാരികളെ പ്രഖ്യാപിച്ച് പ്രധാന മന്ത്രി:സംഘത്തെ നയിക്കാൻ മലയാളി

0
279

ഇന്ത്യയുടെ അഭിമാന ബഹിരാകാശ ദൗത്യമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരുകൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി. പാലക്കാട് സ്വദേശിയായ വ്യോമ സേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല  എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവര്‍. തുമ്പ വിഎസ്എസ്‍യിൽ നടന്ന ചടങ്ങില്‍ ഇവര്‍ നാലുപേരെയും വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പ്രധാന മന്ത്രി പ്രഖ്യാപനം നടത്തിയത്. 

ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേ‌ർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണൻ നായര്‍ 1999ലാണ് വ്യോമസേനയില്‍ ചേർന്നത്. ഇപ്പോള്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്. 

നാലുപേരില്‍ മൂന്നുപേരായിരിക്കും ബഹിരാകാശത്തേക്ക് പോവുക. ​നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. തുമ്പയിലെ വിഎസ്എസ്‍സിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പമാണ് ഗഗൻയാൻ ദൗത്യ സംഘാംഗങ്ങളെ ആദ്യമായി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന സുപ്രധാന ചടങ്ങ് നടന്നത്.