പി.എം കിസാന്‍ സമ്മാന്‍ നിധി:സംസ്ഥാനത്ത് 30,000 ത്തിലധികം അനർഹർ

0
188

ചെറുകിട കര്‍ഷകര്‍ക്ക് വരുമാന സഹായമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയത് 30,416 പേര്‍. ആദായനികുതി അടയ്ക്കുന്നവരും അനര്‍ഹരുടെ പട്ടികയിലുണ്ട്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ (എസ്.എല്‍.ബി.സി) കഴിഞ്ഞ യോഗത്തിലെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

അനർഹർ കൈപ്പറ്റിയ ആനുകൂല്യം തിരിച്ച് പിടിക്കാന്‍ സർക്കാർ നടപടികള്‍ ആരംഭിച്ചു. ആകെ 31.05 കോടി രൂപയാണ് ഇവർ തിരികെ അടയ്‌ക്കേണ്ടത്. ഇതിനകം 2,190 പേര്‍ ചേര്‍ന്ന് 2.11 കോടി രൂപ തിരിച്ചടച്ചു. 2018 ഡിസംബര്‍ ഒന്നിന് തുടക്കമിട്ട പി.എം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 6,000 രൂപയാണ് കര്‍ഷകര്‍ക്ക് വരുമാന സഹായമായി കേന്ദ്രം നൽകുന്നത്. പ്രതിവർഷം 2,000 രൂപ വീതം മൂന്ന് ഗഡുക്കളായി കര്‍ഷകന്റെ അക്കൗണ്ടില്‍ ലഭിക്കും.

രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് സഹായം നൽകുന്നത്. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇടനിലക്കാരും ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും കര്‍ഷകരുടെ പേരില്‍ പണം തട്ടിയെന്ന് കേന്ദ്രം കണ്ടെത്തിയിരുന്നു. ഇതോടെയാണ് അനര്‍ഹരെ കണ്ടെത്തി തുക തിരികെപ്പിടിക്കാന്‍ നടപടികള്‍ ആരംഭിച്ചത്.