ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വാഹന ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന് പ്രാരംഭ ഓഹരി വിൽപ്പന (IPO) നടത്താൻ അനുമതി നൽകി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (Sebi). കൊച്ചി ആസ്ഥാനമായ പോപ്പുലർ വെഹിക്കിൾസ് കഴിഞ്ഞ ഓഗസിറ്റിലാണ് ഐ.പി.ഒയ്ക്കായി സെബിക്ക് അപേക്ഷ സമർപ്പിച്ചത്. ജനുവരിയിൽ തന്നെ കമ്പനി ഐ.പി.ഒ നടത്തുമെന്നാണ് കരുതുന്നത്. ജനുവരി ആദ്യത്തോടെ തീയതി പ്രഖ്യാപിച്ചേക്കും.
ഐ.പി.ഒ വഴി ഏകദേശം 700 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 250 കോടി രൂപ പുതിയ ഓഹരികളിലൂടെ ആയിരിക്കും. ബാക്കി തുക നിലവിലുള്ള ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ വഴി സമാഹരിക്കും. പുതുതായി സമാഹരിക്കുന്ന 250 കോടി രൂപയിൽ ഏറിയ പങ്കും കടബാധ്യതകൾ കുറയ്ക്കുന്നതിന് ഉപയോഗിക്കും. ബാക്കി തുക വികസന പദ്ധതികൾക്കായി വിനിയോഗിക്കും. നിലവിൽ 500 കോടി രൂപയോളം കടമാണ് കമ്പനിക്കുള്ളത്.
4,893 കോടി രൂപയുടെ വിറ്റുവരവാണ് 2022-23 സാമ്പത്തിക വർഷം പോപ്പുലർ വെഹിക്കിൾസ് രേഖപ്പെടുത്തിയത്. 2020-21ൽ 3,000 കോടി രൂപയായിരുന്നു വരുമാനം. പോപ്പുലറിന്റെ മൊത്തം വരുമാനത്തിൽ 65 ശതമാനവും കേരളത്തിൽ നിന്നാണ്. മൊത്തം 10,000ഓളം ജീവനക്കാരാണുള്ളത്. കേരളത്തിൽ മാത്രമുള്ളത് 6,800 ഓളം ജീവനക്കാരാണ്.
മാരുതി സുസുകി, ഹോണ്ട കാർസ്, ജാഗ്വാർ ലാൻഡ് റോവർ എന്നീ കാർ കമ്പനികളുടേയും ടാറ്റ മോട്ടോഴ്‌സ്, ഭാരത് ബെൻസ് എന്നീ വാണിജ്യ വാഹന കമ്പനികളുടെയും, പിയാജിയോ ഇലക്ട്രിക് ത്രീ വീലറുകൾ, ഏഥർ ഇലക്ട്രിക് സ്‌കൂട്ടറുകൾ എന്നിവയുടെയും വിതരണക്കാരാണ് പോപ്പുലർ വെഹിക്കിൾസ്. പ്രതിവർഷം ശരാശരി 60,000 വാഹനങ്ങളാണ് പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിറ്റഴിക്കുന്നത്.