ഫോട്ടോഗ്രാഫര്‍മാരുടെയും ഇവന്റ് മാനേജ്‌മെന്റുകളുടെയും ജോലികള്‍ എളുപ്പത്തിലാക്കുകയാണ് പ്രീമാജിക് എന്ന തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിടുബി സ്റ്റാര്‍ട്ടപ്പ്. കല്യാണങ്ങള്‍ക്കും മറ്റും അനേകം ചിത്രങ്ങള്‍ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്താറുണ്ടെങ്കിലും ആല്‍ബത്തില്‍ ചുരുക്കം ചിലതേ ഉള്‍പ്പെടുത്താന്‍ സാധിക്കൂ. ഇവ ഏതൊക്കെ എന്ന് തിരഞ്ഞെടുക്കാന്‍ ഉപഭോക്താവിനെ സഹായിക്കുന്ന ഫോട്ടോ ഷെയറിങ് പ്ലാറ്റ്‌ഫോമാണ് പ്രീമാജിക്. മലയാളികളായ അനൂപ് മോഹന്‍, അനന്ത് വിഷ്ണു. മെവിന്‍ ചിറയത്ത് എന്നീ മൂന്ന്് യുവാക്കള്‍ 2018ല്‍ ആരംഭിച്ച സംരംഭമാണിത്. ഇന്ന് പതിനെട്ടോളം ജീവനക്കാരുള്ള പ്രീമാജിക്കിന് പതിനായിരത്തില്‍ പരം രജിസ്‌ട്രേഡ് യൂസര്‍മാരുണ്ട്. ഇന്ത്യക്കകത്തു മാത്രമല്ല യുഎസ്, യുഎഇ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും പ്രീമാജിക്കിന് ഉപയോക്താക്കളുണ്ട്. പ്രതിമാസം നാലായിരത്തില്‍ പരം വിവാഹ, കോര്‍പറേറ്റ് ഇവന്റുകളാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
2016ല്‍ അനൂപിന്റെ വിവാഹത്തിന് എടുത്ത ചിത്രങ്ങളില്‍ നിന്ന് ആവശ്യമുള്ളവ തെരഞ്ഞെടുക്കുന്നതില്‍ വന്ന കാലതാമസവും ഇത് കല്യാണ ആള്‍ബം ലഭിക്കുന്നതില്‍ ഒരു വര്‍ഷത്തോളം താമസമുണ്ടാക്കിയതുമാണ് ഇവരെ ഇത്തരമൊരു സംരംഭത്തിലേക്ക് നയിച്ചത്.
ഫോട്ടോഗ്രാഫര്‍മാരുമായുള്ള ചര്‍ച്ചയില്‍ ഇവര്‍ക്ക് ഒരു കാര്യം മനസ്സിലായി. ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് വേണ്ടി അവ ക്ലൈന്റിന്റെ പക്കല്‍ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടാണ് ആല്‍ബം ലഭിക്കുന്നത് വൈകാന്‍ കാരണമെന്ന്. അങ്ങനെയാണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വേണ്ടി ഒരു ഫോട്ടോ സെലക്ഷന്‍ ടൂള്‍ പ്രോട്ടോടൈപ് രൂപപ്പെടുത്തുവാന്‍ ഐടി പ്രഫഷണല്‍മാരായ ഇവര്‍ തീരുമാനിച്ചത്.
പ്രതിവര്‍ഷം 10 ലക്ഷം ഇവന്റുകള്‍ എന്ന തോതില്‍ രാജ്യത്തിനകത്തും പുറത്തും ബിസിനസ് വ്യാപിപ്പിക്കുകയാണ് പ്രീമാജിക്കിന്റെ ഇപ്പോഴത്തെ ലക്ഷ്യം എന്ന് ഈ സംരംഭകര്‍ പറയുന്നു.