ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തം

0
600

എഐ ചാറ്റ്‌ബോട്ട് മത്സരത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിക്കാതെ വരുന്നതോടെ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നെന്ന് റിപ്പോർട്ട്. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.  

ബാര്‍ഡിന്റെ പരിമിതികള്‍ മറികടക്കുന്ന അത്യാധുനിക ചാറ്റ്ബോട്ടാണ് ജെമിനി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍ ഇതിനുണ്ടായ പിഴവുകളും വസ്തുതാപരമായ പിശകുകളും കമ്പനിയെ പിന്നോട്ടടിച്ചിരിക്കുകയാണ്. വിമര്‍ശനങ്ങൾക്ക് പിന്നാലെ ജെമിനി ചാറ്റ്ബോട്ടില്‍ നിന്ന് ഇമേജ് ജനറേഷന്‍ സംവിധാനം പിന്‍വലിച്ചതായാണ് സൂചന. ഇതിന്റെ പേരിൽ ഗൂഗിള്‍ പരിഹസിക്കപ്പെട്ടിട്ടുമുണ്ട്.

സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്റെ മേധാവി സ്ഥാനത്ത് ഇരുന്നാല്‍ മതിയെന്നും ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാകാത്ത ഉത്പന്നങ്ങള്‍ ഗൂഗിള്‍ തിരക്ക് പിടിച്ച് വിപണിയില്‍ ഇറക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എഐ മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ സ്റ്റാര്‍ട്ട്അപ്പിന്റെ നിലവാരത്തിലേക്ക് കമ്പനി താഴുകയാണെന്ന വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.  ഗൂഗിളിന്റെയും മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റേയും തലപ്പത്തേക്ക് വരുന്ന ആദ്യ ഇന്ത്യക്കാരനാണ് സുന്ദര്‍ പിച്ചൈ.