നേട്ടം കൊയ്ത് പൊതുമേഖലാ എണ്ണക്കമ്പനികൾ:മൂന്ന് മാസത്തെ ലാഭം 27,295 കോടി

0
162

2023-24 സാമ്പത്തിക വർഷത്തിൽ ലാഭം കൊയ്ത് പൊതുമേഖലാ എണ്ണ കമ്പനികൾ. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെ ആകെ ലാഭം 27,295 കോടി രൂപയാണ്. ക്രൂഡ് വില ഉയർന്നതോടെ കഴിഞ്ഞ സാമ്പത്തിക വർഷം നഷ്ടം നേരിട്ട സ്ഥാനത്താണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവയുൾപ്പെടെയുള്ള കമ്പനികൾ ലാഭമുണ്ടാക്കിയത്.

12,967 കോടി രൂപയാണ് രാജ്യത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിലിന്റെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 272 കോടി രൂപയായിരുന്നു. സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാൻ പെട്രോളിയവും യഥാക്രമം 8,501 കോടി രൂപയും 5,827 കോടി രൂപയും അറ്റാദായം നേടി.

അതേ സമയം ക്രൂഡ് ഓയിൽ വിലയിൽ മുൻ പാദത്തെ അപേക്ഷിച്ച് 11 ശതമാനം വർധനവുണ്ടായതിനാൽ ലാഭത്തിൽ കുറവുണ്ടായി. സൗദി അറേബ്യയും റഷ്യയും ഉത്പാദനം കുറച്ചതോടെയാണ് ജൂലൈ മുതൽ ക്രൂഡ് വില വർധിച്ചത്.