രാമക്ഷേത്രം തുറക്കുന്നത് ഈ മാസം രാജ്യത്തെ ബിസിനസ്സ് വർധിക്കാൻ സഹായിക്കുമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച്, ഈ മാസം 50,000 കോടി രൂപയുടെ വ്യവസായം രാജ്യത്തുണ്ടാകുമെന്നാണ് സിഎഐടി റിപ്പോർട്ട്.
തനതായ തുണികൊണ്ടുള്ള മാലകൾ, ലോക്കറ്റുകൾ, കീ ചെയിനുകൾ, രാമക്ഷേത്രങ്ങളുടെ മാതൃകകൾ, രാം ദർബാറിന്റെ ചിത്രങ്ങൾ, രാംധ്വജ മുതലായവയ്ക്ക് ഇന്ത്യൻ വിപണികളിൽ വലിയ ഡിമാൻഡുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും വ്യാപാരികൾ അധിക വ്യാപാരത്തിനായി വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും സിഎഐടി സെക്രട്ടറി ജനറൽ പറഞ്ഞു.
കുർത്തകളും, ടീ-ഷർട്ടുകളും ഉൾപ്പെടെ രാമക്ഷേത്രത്തിന്റെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വസ്ത്രങ്ങൾക്കും വിപണിയിൽ ശക്തമായ ഡിമാൻഡ് ഉണ്ട്. രാമക്ഷേത്ര ഉദ്ഘാടനത്തിനായി ലക്ഷക്കണക്കിന് ഭക്തരും ക്ഷണിക്കപ്പെട്ട 7,000 അതിഥികളും അയോധ്യയിലെത്തും. അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാന കമ്പനികൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. അയോധ്യയിലെ ഹോട്ടലുകളും റൂം നിരക്കുകൾ അഞ്ച് മടങ്ങോളം വർദ്ധിപ്പിച്ചു. ഈ അവസരത്തിൽ എല്ലാ മേഖലയിലും പെട്ട വ്യാപാരികളും വൻ ലാഭമാണ് നേടാൻ പോകുന്നതെന്നാണ് സംഘടന അഭിപ്രായപ്പെടുന്നത്.