മികച്ച നേട്ടം സ്വന്തമാക്കാം:സ്വർണ ബോണ്ടിന്റെ വില പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
449

കേന്ദ്രസർക്കാരും റിസർവ് ബാങ്കും ചേർന്ന് അവതരിപ്പിച്ച സോവറീൻ ഗോൾഡ് ബോണ്ട് നിക്ഷേപ പദ്ധതിയുടെ വില പ്രഖ്യാപിച്ചു. നടപ്പുവർഷത്തെ (2023-24) സോവറീൻ ഗോൾഡ് ബോണ്ട് മൂന്നാം സീരീസിൽ ഗ്രാമിന് 6,199 രൂപയാണ് വില. റിസര്‍വ് ബാങ്കാണ് വില പ്രഖ്യാപിച്ചത്. ഓൺലൈനിലൂടെ അപേക്ഷിക്കുന്നവർക്കും പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. അതായത് ഗ്രാമിന് 6,149 രൂപ നൽകിയാൽ മതി. ഡിസംബർ 18 മുതൽ 22 വരെയാണ് സോവറീൻ ഗോൾഡ് ബോണ്ടിനായി അപേക്ഷിക്കേണ്ട സമയ പരിധി. 28ന് ബോണ്ടുകൾ നിക്ഷേപകന് വിതരണം ചെയ്യും.

ഇന്ത്യൻ പൗരന്മാർ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ (HUF), ട്രസ്റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷനുകൾ എന്നിവർക്കാണ് സ്വർണ ബോണ്ട് വാങ്ങാൻ സാധിക്കുക. വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും പരമാവധി 4 കിലോഗ്രാം സ്വർണം വരെ വാങ്ങാം. ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് പരമാവധി 20 കിലോ വരെയും വാങ്ങാം.
സ്മോൾ ഫിനാൻസ് ബാങ്കുകൾ, പേമെന്റ് ബാങ്കുകൾ, ഗ്രാമീൺ ബാങ്ക് എന്നിവ ഒഴികെയുള്ള ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ, സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ (SHCIL), ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (CCIL), തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫീസുകൾ, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്‌സ്ചേഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് സോവറീൻ സ്വർണബോണ്ട് വാങ്ങാൻ സാധിക്കുക.


എട്ടുവർഷം നിക്ഷേപ കാലാവധിയുള്ള സ്വർണ ബോണ്ട് 5 വർഷങ്ങൾക്ക് ശേഷം നിബന്ധനകളോടെ പിൻവലിക്കാം. 2.50 ശതമാനമാണ് വാർഷിക പലിശനിരക്ക്. ഭൗതിക സ്വർണത്തിന്റെ അതേ മൂല്യമുള്ളതിനാൽ സൊവറീൻ ഗോൾഡ് ബോണ്ട് ഈടുവച്ച് സ്വർണ വായ്‌പയും നേടാം.