ക്രെഡിറ്റ് കാർഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി റിസർവ് ബാങ്ക്. ക്രെഡിറ്റ് കാർഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പും സൗകര്യവും ഉറപ്പാക്കുകയാണ് ലക്ഷ്യം. മറ്റ് നെറ്റ്വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകണമെന്ന് റിസർവ് ബാങ്ക് ക്രെഡിറ്റ് കാർഡ് വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി. കാർഡ് നെറ്റ്വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ചില ഇടപാടുകൾ നിരീക്ഷിച്ചതിനെ തുടർന്നാണ് റിസർവ് ബാങ്കിന്റെ ഈ നടപടി. വ്യാപാരികൾക്കും കാർഡ് വിതരണക്കാർക്കും ഇടയിലുള്ള ലിങ്കായി പ്രവർത്തിക്കുന്നവരാണ് ക്രെഡിറ്റ് കാർഡ് നെറ്റ്വർക്കുകൾ. വിസയും മാസ്റ്റർകാർഡും ഇന്ത്യയിലെ രണ്ട് പ്രധാന ക്രെഡിറ്റ് കാർഡ് നെറ്റ്വർക്കുകളാണ്.
ഇനി മുതൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും തങ്ങളുടെ ഉപഭോക്താക്കൾക്ക് ഒന്നിലധികം കാർഡ് നെറ്റ്വർക്കുകൾ ഉപയോഗിക്കാനുള്ള ഓപ്ഷൻ നൽകേണ്ടി വരും. കാർഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കൾക്ക് ഈ ഓപ്ഷൻ നൽകണം. കാർഡ് നെറ്റ്വർക്കുകളും കാർഡ് വിതരണക്കാരും തമ്മിലുള്ള ചില ക്രമീകരണങ്ങൾ ഉപഭോക്താക്കൾക്ക് ഓപ്ഷൻ ലഭ്യമാക്കുന്നതിന് തടസമാകുന്നതായി റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് കാർഡ് വിതരണക്കാർക്ക് റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ നൽകി.
മറ്റ് നെറ്റ്വർക്കുകൾ പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് ഉപഭോക്താക്കളെ തടയുന്ന തരത്തിലുള്ള ഒരു കരാറിലും കാർഡ് നെറ്റ്വർക്കുകളുമായി ഏർപ്പെടരുത്. കാർഡ് ഇഷ്യൂ ചെയ്യുന്നവർ തങ്ങളുടെ ഉപഭോക്താക്കൾക്ക് കാർഡുകൾ നൽകുമ്പോൾ ഒന്നിലധികം കാർഡ് നെറ്റ്വർക്കുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകണം. അടുത്ത പുതുക്കൽ സമയത്ത് നിലവിലുള്ള കാർഡ് ഉടമകൾക്ക് ഈ ഓപ്ഷൻ നൽകാം. ഇതിനായി അംഗീകൃത കാർഡ് നെറ്റ്വർക്കുകളുടെ പേരുകളും റിസർവ് ബാങ്ക് പട്ടികപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ, ഡൈനേഴ്സ് ക്ലബ് ഇൻറർനാഷണൽ, മാസ്റ്റർകാർഡ് ഏഷ്യ/പസഫിക്, എൻപിസിഐ റുപെ എന്നിവയാണ് പട്ടികയിലുള്ളത്. അതേസമയം 10 ലക്ഷമോ അതിൽ താഴെയോ സജീവ കാർഡുകളുള്ള ക്രെഡിറ്റ് കാർഡ് ഇഷ്യൂവർമാർക്ക് റിസർവ് ബാങ്കിന്റെ ഈ നിർദ്ദേശങ്ങൾ ബാധകമല്ല.