വായ്‌പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ഐസിഐസിഐ ബാങ്കിന് 12.2 കോടിയുടെ റെക്കോർഡ് പിഴ ചുമത്തി ആർബിഐ. വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് 2021 മെയ് മാസത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന് മേൽ ചുമത്തിയ 10 കോടി രൂപ പിഴയേക്കാൾ വലുതാണ് ഐസിഐസിഐ ബാങ്കിന്റെ പിഴ. 2023 സാമ്പത്തിക വർഷത്തിൽ സ്വകാര്യ ബാങ്കുകളിൽ നിന്ന് മൊത്തം ഈടാക്കിയ 12.17 കോടി രൂപ പിഴയേക്കാൾ കൂടുതലാണിത്.
ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി 2020ലേയും 2021ലേയും ഇടപാടുകൾ ആർബിഐ പരിശോധിച്ചു. റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ച്, വായ്പ നൽകുന്ന രണ്ട് ഡയറക്ടർമാർ ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്ന കമ്പനികൾക്ക് ബാങ്ക് വായ്പ നൽകിയതായി ആർബിഐ കണ്ടെത്തി. ഈ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ആർബിഐ ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ബാങ്കിന്റെ മറുപടി പരിഗണിച്ച ശേഷം കുറ്റം തെളിയിക്കപ്പെട്ടതായി ആർബിഐ നിഗമനത്തിലെത്തി. തുടർന്നാണ് പണപ്പിഴ ചുമത്തിയത്.
റിസ്ക് മാനേജ്മെന്റ്, ഔട്ട്സോഴ്സിംഗ്, റിക്കവറി ഏജന്റ്സ്, ലോൺ മാനേജ്മെന്റ് എന്നിവയിലെ നിയമങ്ങൾ ലംഘിച്ചതിന് കൊട്ടക് മഹീന്ദ്ര ബാങ്കിനും ആർബിഐ ഏകദേശം 4 കോടി രൂപ പിഴ ചുമത്തി.