അനധികൃതമായി പ്രവർത്തിക്കുന്ന ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എഫ്എക്സ് സ്മാർട്ട്ബുൾ, ജസ്റ്റ് മാർക്കറ്റ്സ്, ഗോഡോ എഫ്എക്സ് തുടങ്ങി 19 ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളെ ഉൾപ്പെടുത്തി ജാഗ്രതാ പട്ടികയും ആർബിഐ പുറത്തുവിട്ടു. ഇവയടക്കം 75 ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളുടെ പേരിലാണ് ആർബിഐ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
1999ലെ വിദേശ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), 2018ലെ ഇലക്ട്രോണിക് ട്രെയ്ഡിംഗ് പ്ലാറ്റ്‌ഫോംസ് (റിസർവ് ബാങ്ക്) എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെയാണ് റിസർവ് ബാങ്ക് ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോറക്സ് ഇടപാടുകൾ നടത്താൻ ഈ കമ്പനികൾക്ക് അവകാശമില്ല. അനധികൃത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ, പ്ലാറ്റ്ഫോമുകൾ എന്നിവയും പട്ടികയിലുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചതിന് സിറ്റി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയ്ക്ക് റിസർവ് ബാങ്ക് 10.34 കോടി രൂപ പിഴയും ചുമത്തി.
അഡ്‌മിറൽ മാർക്കറ്റ്, ബ്ലാക്ക്ബുൾ, ഈസി മാർക്കറ്റ്സ്, എൻക്ലോവ് എഫ്എക്സ്, ഫിനോവിസ് ഫിൻടെക്, എഫ്എക്സ് ട്രേ മാർക്കറ്റ്, ഫോറെക്സ്ഫോർ യൂ, ഗ്രോയിംഗ് കാപ്പിറ്റൽ സർവീസ്, എച്ച്എഫ് മാർക്കറ്റ് എന്നിവയാണ് ആർബിഐ പട്ടികയിൽ ഉൾപ്പെടുത്തിയ മറ്റ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകൾ.