2023 അവസാനത്തോടെ ദിവസം 10 ലക്ഷം ഇടപാടുകളെന്ന ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ റീറ്റെയ്ൽ സെഗ്മെന്റ്. ഡിസംബർ 27ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ 10 ലക്ഷം കടന്നു. ജീവനക്കാർക്കയച്ച വർഷാന്ത്യ കത്തിലാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
ഡിജിറ്റൽ കറൻസി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2022 ഡിസംബറിലാണ് റിസർവ് ബാങ്ക് റീറ്റെയ്ൽ ഇ-റുപ്പി അവതരിപ്പിച്ചത്. നിലവിൽ ഉപയോഗത്തിലുള്ള കറൻസിയുടെ ഡിജിറ്റൽ പതിപ്പാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി). പൊതുവായ ഉപയോഗങ്ങൾക്കു വേണ്ടി (റീറ്റെയ്ൽ) സി.ബി.ഡി.സി-ആർ, ധനകാര്യ സ്ഥാപനങ്ങളും മറ്റുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി സി.ബി.ഡി.സി-ഡബ്ല്യു (ഹോൾസെയിൽ) എന്നിങ്ങനെ രണ്ടു തരം ഡിജിറ്റൽ കറൻസികളാണുള്ളത്.