കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ തട്ടിപ്പ്:മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

0
186

കെവൈസി അപ്‌ഡേറ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്. കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ മറവിൽ നിരവധി ഉപഭോക്താക്കൾ തട്ടിപ്പിന് ഇരയായതായി പരാതികൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ, തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷ നേടാനും, നഷ്ടം ഒഴിവാക്കാനും ജാഗ്രത പുലർത്തണമെന്ന് ആർബിഐ ആവശ്യപ്പെട്ടു.

തട്ടിപ്പുകാർ, ആദ്യം ഉപഭോക്താക്കൾക്ക് ഫോൺ കോളിലൂടെയോ, എസ്എംഎസ് വഴിയോ, ഇ-മെയിൽ വഴിയോ സന്ദേശം അയക്കും. ഇതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി അവരെ സ്വാധീനിക്കാൻ ശ്രമിക്കും. കൂടാതെ, ഉപഭോക്താക്കളുടെ അക്കൗണ്ടിൻന്റെ ലോഗിൻ വിശദാംശങ്ങൾ ചോദിക്കുകയോ അല്ലെങ്കിൽ ലിങ്ക് അയച്ച് അവരുടെ മൊബൈൽ ഫോണിൽ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാനോ ആവശ്യപ്പെടും. ഉപഭോക്താക്കൾ പ്രധാനപ്പെട്ട വ്യക്തിഗത വിവരങ്ങളോ ലോഗിൻ വിശദാംശങ്ങളോ പങ്കിടുമ്പോൾ, തട്ടിപ്പുകാരന് അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിക്കുകയും തുടർന്ന് തട്ടിപ്പ് നടത്തുകയും ചെയ്യും.

സാമ്പത്തിക സൈബർ തട്ടിപ്പുകൾ നടന്നാൽ, ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (www.cybercrime.gov.in) അല്ലെങ്കിൽ 1930 എന്ന സൈബർ ക്രൈം ഹെൽപ്പ് ലൈൻ ഡയൽ ചെയ്തുകൊണ്ട് ഉടൻ പരാതി നൽകണമെന്നാണ് ആർബിഐ നിർദേശം. കെവൈസി അപ്‌ഡേറ്റിനായി ആവശ്യപ്പെടുമ്പോൾ, ആദ്യം ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടുകയും സഹായം ആവശ്യപ്പെടുകയും ചെയ്യണം. ബാങ്ക് അക്കൗണ്ട് ലോഗിൻ വിശദാംശങ്ങൾ, കാർഡ് വിവരങ്ങൾ, പിൻ, പാസ്‌വേഡ്, ഒടിപി എന്നിവ ആരുമായും പങ്കിടരുത്. കെവൈസി ഡോക്യുമെൻറിന്റെ പകർപ്പ് അജ്ഞാതരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ പങ്കിടരുത്. മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന സംശയാസ്പദമായതോ സ്ഥിരീകരിക്കാത്തതോ ആയ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. സൈബർ തട്ടിപ്പ് നടന്നാൽ ഉടൻ ബാങ്കിനെയോ ധനകാര്യ സ്ഥാപനത്തെയോ അറിയിക്കണമെന്നും ആർബിഐ നിർദേശിച്ചു.