സഹകരണ ബാങ്കുകൾക്ക് വീണ്ടും റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്. ചില സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെയാണ് ആര്‍ബിഐയുടെ മുന്നറിയിപ്പ്. സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നത് നിയമവിരുദ്ധമാണെന്നും ചില സംഘങ്ങള്‍ ഇത് തുടരുന്നുണ്ടെന്നും ആര്‍ബിഐ മാധ്യമങ്ങളിലൂടെ നല്കിയ അറിയിപ്പില്‍ പറയുന്നു. മൂന്നാം തവണയാണ് ഇതുസംബന്ധിച്ച് ആര്‍ബിഐ മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കുന്നത്.
2021 നവംബറിലും 2023 നവംബറിലുമാണ് മുമ്പ് പരസ്യം നല്‍കിയത്. നിയമലംഘനം തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അറിയിക്കാനാണ് തുടര്‍ അറിയിപ്പുകള് നല്‍കുന്നത്. സഹകരണ വകുപ്പിന്റേത് നിഷേധാത്മക നിലപാടാണെന്നാണ് ആര്‍ബിഐ നിഗമനം. കേരളത്തില്‍ ഒരു ബാങ്ക് മാത്രമാണ് പേരില്‍ നിന്ന് ബാങ്ക് ഒഴിവാക്കിയത്.
എന്നാൽ റിസര്‍വ് ബാങ്കിന്റെ നിര്‍ദേശം അനാവശ്യമാണെന്ന മറുപടിയാണ് സഹകരണവകുപ്പ് നല്‍കിയത്. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളാണ് ബാങ്കുകള്‍ എന്ന് ചേര്‍ത്ത് പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍ബിഐ പറഞ്ഞു. ഇത് തടയാന്‍ 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നതിനെ തുടര്‍ന്നാണ് ആര്‍ബിഐ സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കിയത്.