സ്വർണപ്പണയ വായ്‌പകൾ വിതരണം ചെയ്യുന്നതിൽ നിന്ന് ഐ.ഐ.എഫ്.എല്ലിനെ റിസർവ് ബാങ്ക് വിലക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായി രാജ്യത്തെ പ്രമുഖ എൻ.ബി.എഫ്.സികൾ. നിശ്ചിത പരിധിക്കു മുകളിലുള്ള വായ്‌പകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രം നൽകാനാണ് എൻ.ബി.എഫ്.സികളുടെ തീരുമാനം. ഇതിൻ്റെ ഭാഗമായി ബജാജ് ഫിനാൻസ് 20,000 രൂപയ്ക്ക് മുകളിലുള്ള സ്വർണപ്പണയ വായ്‌പകൾ പണമായി നൽകുന്നത് നിറുത്തിവച്ചു. ഇതു സംബന്ധിച്ച് ശാഖകൾക്ക് അറിയിപ്പും നൽകി. 20,000 രൂപവരെയുള്ള വായ്‌പകൾ മാത്രം പണമായി നൽകിയാൽ മതിയെന്നും അതിൽ കൂടുതൽ തുക ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുമാണ് അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
സ്വർണപ്പണയ വായ്‌പകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മറ്റ് എൻ.ബി.എഫ്.സികളും ഇതര മാർഗങ്ങൾ സ്വീകരിക്കാനുള്ള ശ്രമത്തിലാണ്. 15 മിനിറ്റിൽ പണം ലഭ്യമാക്കുന്ന ക്വിക്ക് ലോൺ വായ്‌പകളും ഇതിനനുസരിച്ച് പുനഃപരിശോധിക്കേണ്ടി വരും. ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എൻ.ബി.എഫ്.സികൾക്ക് മുൻതൂക്കം ലഭിച്ചിരുന്നത് ഇത്തരം ക്വിക്ക് ലോണുകളിലൂടെയാണ്. പലരും അടിയന്തര ആവശ്യങ്ങൾക്കായി സ്വർണപ്പണയ വായ്‌പകളെടുക്കുന്നതിനാൽ അക്കൗണ്ട് വഴി ലഭിക്കുന്നതിനേക്കാൾ നേരിട്ട് പണമായി നേടാനാണ് ഉപയോക്താക്കൾ താത്പര്യപ്പെടുന്നത്. 15 മിനിറ്റിൽ വായ്‌പ ലഭിക്കുന്നത് അക്കൗണ്ട് വഴിയാകുമ്പോൾ ഒരു ദിവസത്തെ സമയം എടുത്തേക്കും.
20,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നതിലുപരി ഈ തുകയ്ക്ക് മുകളിൽ പണമായി നൽകുന്നതും നിക്ഷേപിക്കുന്നതും ഇൻകം ടാക്‌സ് ബാധ്യതയ്ക്കിടയാക്കും. ഇൻകം ടാക്സ് സെഷൻ 26955, 269T എന്നിവ പ്രകാരം 20,000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾ പൂർണമായും നികുതി ബാധകമാണ്. എന്നാൽ ബാങ്കുകൾക്ക് ഈ നിബന്ധന ബാധകമല്ല.