റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വർണ ബോണ്ടുകൾക്ക് യൂണിറ്റിന് 6,132 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബർ 20നും 24നും ഇടയിലുള്ള ഒരാഴ്‌ചയിലെ സ്വർണ വിലയുടെ ശരാശരിയാണ് നിരക്ക് നിർണ്ണയിക്കുന്നതിന് പരിഗണിച്ചത്. 2015 നവംബർ 30നാണ് ആർബിഐ ആദ്യ സോവറിൻ ഗോൾഡ് ബോണ്ട് പുറത്തിറക്കിയത്. അന്ന് ഒരു ഗ്രാമിന് തുല്യമായ യൂണിറ്റിന് 2,684 രൂപയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതനുസരിച്ച് യൂണിറ്റിന് 6,132 രൂപ വീതം നിക്ഷേപകർക്ക് തിരികെ ലഭിക്കും. എട്ട് വർഷം കൊണ്ട് ഇരട്ടിയിലേറെ നേട്ടമാണ് നിക്ഷേപകർക്ക് ലഭിക്കുന്നത്.
എല്ലാ വർഷവും പല ഘട്ടങ്ങളിലായി റിസർവ് ബാങ്ക് സ്വർണ ബോണ്ട് വിൽപ്പന നടത്താറുണ്ട്. ഇന്ത്യൻ പൗരത്വമുള്ള ആർക്കും എസ്.ജി.ബി വാങ്ങാം. വ്യക്തികൾക്ക് 4 കിലോഗ്രാം വരെയും ട്രസ്റ്റുകൾക്കും മറ്റ് സമാനസ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെയും സ്വർണമാണ് വാങ്ങാൻ സാധിക്കുക. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്കും എസ്.ജി.ബി വാങ്ങാം.
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (ചെറുകിട ഫിനാൻസ് ബാങ്കുകളും പേയ്മെന്റ് ബാങ്കുകളും ഒഴികെ), സ്റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, ക്ലിയറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, പോസ്റ്റ് ഓഫീസുകൾ എന്നിവ വഴി ഗോൾഡ് ബോണ്ടുകൾ ലഭ്യമാണ്. നിലവിൽ 2.5 ശതമാനമാണ് ഗോൾഡ് ബോണ്ടിന് പലിശ.