അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ക്യാപിറ്റലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് 922.58 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസ് (ഡിജിജിഐ). റീ-ഇൻഷുറൻസ്, കോ-ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ യഥാക്രമം 478.84 കോടി, 359.70 കോടി, 78.66 കോടി, 5.38 കോടി എന്നിങ്ങനെ ജിഎസ്ടി ആവശ്യപ്പെട്ട് ഡിജിജിഐ കമ്പനിക്ക് നാല് നോട്ടീസ് അയച്ചെന്നാണ് റിപ്പോർട്ട്. റിലയൻസ് ക്യാപിറ്റലിന്റെ മൊത്തം മൂല്യത്തിന്റെ 70 ശതമാനവും റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ്.
ഇന്ത്യൻ, വിദേശ റീഇൻഷുറൻസ് കമ്പനികൾക്ക് നൽകിയ റീ-ഇൻഷുറൻസ് സേവനങ്ങളിൽ ബുക്ക് ചെയ്ത റീ-ഇൻഷുറൻസ് കമ്മീഷന് മേലുള്ള ജിഎസ്ടിയുമായി ബന്ധപ്പെട്ടാണ് 478.74 കോടി രൂപയുടെ ആദ്യ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. റീ-ഇൻഷുറൻസ് കമ്മീഷൻ കമ്പനിയുടെ അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള വരുമാനമാണ്. അതിനാൽ അതിന് ജിഎസ്ടി നൽകേണ്ടതുണ്ടെന്നാണ് ഡിജിജിഐയുടെ നിലപാട്. കോ-ഇൻഷുറൻസ് ഇടപാടുകളിൽ ഫോളോവറായി ലഭിച്ച കോ-ഇൻഷുറൻസ് പ്രീമിയത്തിന് അടക്കേണ്ട ജിഎസ്ടി സംബന്ധിച്ചാണ് 359.70 കോടി രൂപയുടെ രണ്ടാമത്തെ കാരണം കാണിക്കൽ നോട്ടീസ്.
78.66 കോടി രൂപയുടേതാണ് മൂന്നാമത്തെ കാരണം കാണിക്കൽ നോട്ടീസ്. വിദേശ ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള റീഇൻഷുറൻസ് സേവനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് റിവേഴ്സ് ചാർജ് അടിസ്ഥാനത്തിൽ ജിഎസ്ടി നൽകാത്തതുമായി ബന്ധപ്പെട്ടാണ് കമ്പനിക്ക് 5.38 കോടി രൂപയുടെ നാലാമത്തെ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.