100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരന്മാരുടെ സെന്റി-ബില്യണർ ക്ലബിൽ പ്രവേശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ മുകേഷ് അംബാനിയുടെ ആസ്തി 102 ബില്യൺ ഡോളറായി. സെന്റി ബില്യണറുമാരുടെ കൂട്ടത്തിൽ പന്ത്രണ്ടാമതായാണ് അംബാനിയുടെ സ്ഥാനം. ബ്ലൂംബർഗിന്റെ ബില്യണർ ഇൻഡക്സിൽ ആകെ 12 സെന്റി ബില്യണർമാരാണുള്ളത്. 212 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ടെസ്ലയുടെ ഇലോൺ മസ്ക് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഈ നേട്ടത്തിന് പിന്നാലെ റിലയൻസിന്റെ ഓഹരി 3% വർധിച്ച് 2,724,95 രൂപയായി. എൻഎഫ്ബിസി ജിയോ ഫിനാൻഷ്യൽ സർവീസ് ഓഹരി വിപണിയിലുണ്ടാക്കിയ നേട്ടമാണ് മുകേഷ് അംബാനിയുടെ ആസ്തിയിലും പ്രതിഫലിച്ചത്. 1.6 ലക്ഷം കോടി രൂപയാണ് എൻഎഫ്ബിസിയുടെ ആകെ മാർക്കറ്റ് കാപ്പിറ്റലൈസേഷൻ. അംബാനിയുടെ നെറ്റ്‌വർക്ക് 18 മീഡിയയും ഓഹരിയിൽ മികച്ച നേട്ടമുണ്ടാക്കി.