തുടർച്ചയായ മൂന്നാം തവണയും രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ₹15.64 ലക്ഷം കോടി ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് യൂണിറ്റ് ബർഗണ്ടി പ്രൈവറ്റും ഹുറുൺ ഇന്ത്യയും ചേർന്ന് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ഒക്ടോബർ മുതൽ 2023 ഒക്ടോബർ വരെയുള്ള കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
₹12.36 ലക്ഷം കോടി മൂല്യവുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് രണ്ടാം സ്ഥാനത്തും, ₹11.25 ലക്ഷം കോടി രൂപ മൂല്യവുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് മൂന്നാം സ്ഥാനത്തുമെത്തി. ഐസിഐസിഐ ബാങ്ക് (6.47 ലക്ഷം കോടി രൂപ), ഇൻഫോസിസ് (5.71 ലക്ഷം കോടി രൂപ) എന്നിവയാണ് നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമായി ഉള്ളത്. ഭാരതി എയർടെൽ, ഐടിസി, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്സിഎൽ ടെക്നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ആദ്യ പത്ത് സ്ഥാനങ്ങളിൽ എത്തി.
₹73.3 ലക്ഷം കോടി രൂപയാണ് മികച്ച 10 കമ്പനികളുടെ മൊത്തം മൂല്യം. ഇന്ത്യൻ ജിഡിപിയുടെ 28 ശതമാനത്തിന് തുല്യമാണ് ഇത്. 436% വാർഷിക വളർച്ച രേഖപ്പെടുത്തിയ സുസ്ലോൺ എനർജിയാണ് പട്ടികയിൽ അതിവേഗം വളരുന്ന സ്ഥാപനം. ജിൻഡാൽ സ്റ്റെയിൻലെസ്, ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് തൊട്ടുപിന്നാലെയുള്ളത്.