കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ സമ്പത്ത് സൃഷ്ടിച്ച ഓഹരികളിൽ ഏറ്റവും മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ്. അഞ്ചാം തവണയാണ് റിലയൻസ് മുന്നിലെത്തുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ നാല് കമ്പനികളും 2018-23 കാലയളവിൽ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. മോത്തിലാൽ ഒസ്‌വാൾ ഫിനാൻഷ്യൽ സർവീസസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് ഉൾപ്പടെയുള്ള അഞ്ച് കമ്പനികൾ ചേർന്ന് 2018നും 2023നുമിടയിൽ 27 ലക്ഷം കോടി രൂപയുടെ സമ്പത്താണ് സൃഷ്ടിച്ചത്.
ഉയർന്ന നേട്ടം നൽകിയ 10 കമ്പനികളിൽ 2018-23 കാലയളവിൽ 10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ 2023ൽ അതിന്റെ മൂല്യം ഒരു കോടി രൂപയിലെത്തുമായിരുന്നു. 59 ശതമാനമാണ് വാർഷിക നേട്ടം. അതിനാൽ നിക്ഷേപത്തിനായി മികച്ച ചെറുകിട-ഇടത്തരം കമ്പനികളുടെ ഓഹരികൾ തിരഞ്ഞെടുക്കാമെന്നാണ് മോത്തിലാൽ ഒസ്‌വാളിന്റെ നിർദേശം. ഓഹരി വിലയിൽ കനത്ത ചാഞ്ചാട്ടമുണ്ടാകുമെന്നതാണ് ചെറുകിട-ഇടത്തരം ഓഹരികളുടെ പ്രത്യേകത.
സെക്ടറുകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടെക്നോളജിയാണ്. കൺസ്യൂമർ ആൻഡ് റീട്ടെയിൽ, ധനകാര്യം എന്നീ സെക്ടറുകളും നേട്ടം കൊയ്തു. 2018-23 കാലയളവിൽ 70.5 ലക്ഷം കോടി രൂപയുടെ സമ്പത്താണ് മുൻനിരയിലെ 100 ഓഹരികൾ സൃഷ്ടിച്ചത്. 2017-22 കാലയളവിലെ 92.2 ലക്ഷം കോടിയേക്കാൾ കുറവാണിത്. അതിനാൽ തന്നെ വിപണിയുടെ നീക്കത്തേക്കാൾ ഓഹരിയിൽ കേന്ദ്രീകരിച്ചുള്ള നിക്ഷേപമാണ് ഉചിതമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.