മുകേഷ് അംബാനിയുടെ മക്കൾക്ക് ശമ്പളമില്ല: നൽകുന്നത് ഫീസും കമ്മീഷനും

0
810

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മക്കളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയത് ശമ്പളമില്ലാതെ. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർക്ക് ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും കമ്പനി നേടുന്ന ലാഭത്തിന് അനുസരിച്ചുള്ള കമ്മീഷനുമായിരിക്കും നല്‍കുക. മൂവരുടെയും നിയമനത്തിന് അംഗീകാരം നേടാനായി ഓഹരി ഉടമകള്‍ക്ക് അയച്ച പ്രമേയത്തിലാണ് കമ്പനി ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്.

2020 – 21 സാമ്പത്തിക വര്‍ഷം മുതല്‍ മുകേഷ് അംബാനിയും കമ്പനിയില്‍ നിന്ന് ശമ്പളം വാങ്ങാറില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ബന്ധുക്കളായ നിഖില്‍, ഹിടല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള മറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ക്കെല്ലാം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കമ്മീഷനും നല്‍കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന കമ്പനി ഓഹരി ഉടമകളുടെ യോഗത്തിലാണ് മുകേഷ് അംബാനി തന്റെ മൂന്ന് മക്കളെയും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി കമ്പനിയുടെ ചെയര്‍മാന്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പദവികളിൽ അദേഹം തന്നെ തുടരും.


2014ല്‍ മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ കമ്പനി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2022 – 23 സാമ്പത്തിക വര്‍ഷത്തില്‍ (2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ) മാത്രം മീറ്റിങുകളില്‍ പങ്കെടുക്കാനുള്ള സിറ്റിങ് ഫീസായി ആറ് ലക്ഷം രൂപയും കമ്മീഷനായി രണ്ട് കോടി രൂപയുമാണ് നിത അംബാനിക്ക് നല്കിയത്. നിത അംബാനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിശ്ചയിച്ചിരുന്ന അതേ വ്യവസ്ഥകളില്‍ തന്നെയാണ് മക്കളെയും ഇപ്പോള്‍ കമ്പനി ബോര്‍ഡിന്റെ ഭാഗമാക്കിയിരിക്കുന്നത്.