ഫ്രഞ്ച് തീം കഫേ ശൃംഖല ഒരുക്കാൻ റിലയൻസ്:സ്റ്റാർബക്സിനും, കോസ്റ്റ കോഫിക്കും വെല്ലുവിളി

0
806

ഇന്ത്യയിൽ കോഫി കഫേകളുടെ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ പുത്തൻ പരീക്ഷണത്തിനൊരുങ്ങി റിലയൻസ്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് വഴി ലണ്ടൻ ആസ്ഥാനമായുള്ള EL&N cafes ശൃംഖലയുമായി ചേർന്ന് ഇന്ത്യയിലേക്ക് ഫ്രഞ്ച് തീം കഫേ ശൃംഖല കൊണ്ടുവരാനാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ നീക്കം.

ഈ വർഷത്തെ ആദ്യ ത്രൈമാസ യോഗത്തിൽ റിലയൻസ് ബ്രാൻഡ്‌സ്, എക്‌സ്‌ക്ലൂസീവ് ഫുഡ് ആൻഡ് ബിവറേജ് റീട്ടെയിൽ ബ്രാൻഡായ EL&N cafes മായി കൈകോർത്ത് ഇന്ത്യയിൽ കഫേകളും റെസ്റ്റോറന്റുകളും തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൾട്ടി ബില്യൺ ഡോളർ വരുമാനമുള്ള സ്ഥാപനമാണ് EL&N cafes. ലോകമെമ്പാടും 27-ലധികം സ്ഥാപനങ്ങളുള്ള EL&N cafes ഫ്രാൻസ്, ഇറ്റലി, സൗദി അറേബ്യ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം തന്നെ വിപണി ഉറപ്പിച്ചിട്ടുണ്ട്.

ഫ്രഞ്ച്, അറേബ്യൻ തീമുകളിൽ കഫേകൾ ഒരുക്കി യുവാക്കളെ ആകർഷിക്കുന്നതാണ് EL&N cafes ന്റെ രീതി. പിങ്ക് ഇന്റീരിയറും, സൗന്ദര്യാത്മകമായ അന്തരീക്ഷവും ഉള്ള കഫേകള്‍ യുവാക്കൾക്ക് പ്രിയങ്കരമാണ്. ഒപ്പം വിലക്കുറവും ഇവയെ ജനപ്രിയമാക്കുന്നു. സ്റ്റാർബക്സ്, കോസ്റ്റ കോഫി എന്നിവ പോലുള്ള ഉയർന്ന വില ഈടാക്കുന്ന കഫെകൾക്ക് ഇത് ഭീഷണിയാകും എന്നുറപ്പാണ്. 2017-ൽ ആണ് EL&N ആദ്യ ഔട്ട്‌ലെറ്റ് ആരംഭിച്ചത്. മനോഹരമായ അന്തരീക്ഷവും അതുല്യമായ ഭക്ഷണ പാനീയങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ഇൻസ്റ്റാഗ്രാമബിൾ കഫേ എന്ന ക്രെഡിറ്റും EL&N ബ്രാൻഡിനാണ്.