മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചിപ്പ് നിർമ്മാണത്തിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ആസ്ഥാനമായ ടവർ സെമികണ്ടക്ടർ എന്ന കമ്പനിയെ റിലയൻസ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഏറ്റെടുക്കൽ നടപടി വൈകിയേക്കാമെന്നാണ് വിവരം. ടവർ സെമികണ്ടക്ടർ ഏറ്റെടുക്കുന്നത് റിലയൻസിനെ ചിപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കടക്കാൻ സഹായിക്കും.
ടവർ സെമികണ്ടക്ടർ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഇന്റൽ അടുത്തിടെ അവസാനിപ്പിച്ചതോടെയാണ് ഈ പുതിയ നീക്കം. 2022 ഫെബ്രുവരിയിൽ, 5.4 ബില്യൺ ഡോളറിന് ടവർ സെമികണ്ടക്ടർ ഏറ്റെടുക്കാനുള്ള പദ്ധതി ഇന്റൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2023 ഓഗസ്റ്റിൽ, റെഗുലേറ്റർമാർ കരാറിന് അംഗീകാരം നൽകാത്തതിനെത്തുടർന്ന് ഇന്റലിന് ഏറ്റെടുക്കൽ റദ്ദാക്കേണ്ടി വന്നു.
ഉയർന്ന മൂല്യമുള്ള അനലോഗ് അർദ്ധചാലക സൊല്യൂഷൻസിന്റെ ഒരു പ്രമുഖ ഫൗണ്ടറിയാണ് ടവർ സെമികണ്ടക്ടർ. ഓട്ടോമോട്ടീവ്, മെഡിക്കൽ, ഇൻഡസ്ട്രിയൽ, കൺസ്യൂമർ, എയ്‌റോസ്‌പേസ്, ഡിഫൻസ് തുടങ്ങിയ മേഖലകളിൽ ലോകമെമ്പാടുമുള്ള 300-ലധികം ഉപഭോക്താക്കൾക്കായി കമ്പനി അനലോഗ് ഇന്റഗ്രേറ്റഡ് സർക്യൂട്ടുകൾ നിർമ്മിക്കുന്നുണ്ട്. 356 മില്യൺ ഡോളറുമായി ആഗോള ഫൗണ്ടറി വരുമാനത്തിൽ കമ്പനി ഏഴാം സ്ഥാനത്താണ്.