പണപ്പെരുപ്പം മുകളിലേക്ക്:ആശങ്കപ്പെടുത്തി നവംബറിലെ വർധന

0
596

5.55 ശതമാനത്തിലേക്ക് കുതിച്ചുയർന്ന് നവംബറിലെ ഉപഭോക്തൃവില സൂചിക (Retail Inflation). ഒക്ടോബറിൽ ഇത് 5-മാസത്തെ താഴ്‌ചയായ 4.87 ശതമാനമായിരുന്നു. ജനങ്ങളേയും സാമ്പത്തിക ലോകത്തെയും കേന്ദ്രസർക്കാരിനെയും റിസർവ് ബാങ്കിനെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് നവംബറിലെ പണപ്പെരുപ്പ വർധന. പണപ്പെരുപ്പം തുടർച്ചയായി കുറഞ്ഞുവരുന്നതിനിടെയാണ് നവംബറിലെ കയറ്റം.

സവാള അടക്കമുള്ള പച്ചക്കറികളുടെ വില ഉയർന്നതാണ് നവംബറിൽ പണപ്പെരുപ്പം കൂടാൻ കാരണമായത്. ഒക്ടോബറിലെ 6.61 ശതമാനത്തിൽ നിന്ന് ഭക്ഷ്യവിലപ്പെരുപ്പം നവംബറിൽ 8.70 ശതമാനമായാണ് കൂടിയത്. 2022 നവംബറിൽ 4.67 ശതമാനമായിരുന്നു ഭക്ഷ്യവിലപ്പെരുപ്പം.


റീറ്റെയ്ൽ പണപ്പെരുപ്പം വരുംമാസങ്ങളിൽ പരിധിവിട്ട് കൂടിയാൽ ഇത് നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് റിപ്പോനിരക്ക്(അടിസ്ഥാന പലിശനിരക്ക്) കൂട്ടും. ഇത്, ബാങ്ക് വായ്‌പകളുടെ പലിശനിരക്ക് കൂടാൻ ഇടയാക്കും.
റീറ്റെയ്ൽ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നല്ലതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇത് തുടർച്ചയായ മൂന്നാം മാസമാണ് റീറ്റെയ്‌ൽ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ആശ്വാസപരിധിക്കുള്ളിൽ തുടരുന്നത്. എന്നാൽ പണപ്പെരുപ്പം 4 ശതമാനത്തിനടുത്തായി നിയന്ത്രിക്കണമെന്നാണ് റിസർവ് ബാങ്കിന് ധനമന്ത്രാലയം നൽകിയിട്ടുള്ള നിർദേശം. ഇത് പരിഗണിച്ചാൽ തുടർച്ചയായ 50-ാം മാസമാണ് പണപ്പെരുപ്പം പരിധിക്ക് മുകളിൽ തുടരുന്നത്.