സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു:രണ്ടു മാസത്തിനിടെ കൂടിയത് എട്ടു രൂപയോളം

0
407

സംസ്ഥാനത്ത് അരിവില ഉയരുന്നു. പൊന്നി അരിയുടെ വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടു രൂപയുടെ വ‍ര്‍ധനവാണ് ഉണ്ടായത്. ബിരിയാണിക്കുപയോഗിക്കുന്ന കോല അരിക്കും വില കുതിച്ചുയര്‍ന്നു. ഏഴു രൂപയോളമാണ് വര്‍ധിച്ചത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്.

കോല അരിക്ക് ചില്ലറ വിപണിയില്‍ കിലോയ്ക്ക് എഴുപത്തിരണ്ട് രൂപയോളമാണ് വില. ആന്ധ്ര കുറുവക്ക് ചില്ലറ വിപണിയില്‍ 47 മുതല്‍ 54 രൂപ വരെ വിലയുണ്ട്. കയറ്റുമതിയിലുണ്ടായ വര്‍ധനവും, കര്‍ഷകര്‍ കൂടുതല്‍ വില കിട്ടുന്ന അരി ഇനങ്ങളുടെ കൃഷിയിലേക്ക് മാറിയതുമൊക്കെയാണ് വില ഉയരാന്‍ കാരണമായത്.

കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്നത് ആന്ധ്ര, തമിഴ്നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഇവിടങ്ങളില്‍ വിളവെടുപ്പ് സീസണാകുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ.