റിപ്പോ നിരക്ക് വീണ്ടും ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ബാങ്ക് വായ്പകളെ നേരിട്ട് സ്വാധീനിക്കുന്ന റിപ്പോ നിരക്ക്, 50 അടിസ്ഥാന പോയിന്റുകളാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തെ നാലാമത്തെ വായ്പാ പണനയ യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ പ്രഖ്യാപനം.
3 തവണകളായി തുടര്‍ച്ചയായി 140 ബിപിഎസ് ഉയര്‍ത്തിയതോടെ റിപ്പോ നിരക്ക് 5.40 ശതമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു.
എന്നാല്‍, പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്ന പശ്ചാത്തലിത്താണ് തുടര്‍ച്ചയായി നാലാം തവണയും പലിശ നിരക്കുകളില്‍ വര്‍ധന വരുത്തിയിരിക്കുന്നത്. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന റിപ്പോ നിരക്കാണിത്. ഇതോടെ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് ഉയരും.