ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്‍.കെ കൃഷ്ണകുമാര്‍ (84) അന്തരിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ അദ്ദേഹം രത്തന്‍ ടാറ്റയുടെ അടുത്ത അനുയായി ആയിരുന്നു. ടാറ്റാ ഗ്രൂപ്പില്‍ വിവിധ ചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം ടാറ്റ കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു.
വ്യാവസായിക രംഗത്ത് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2009ല്‍ കൃഷ്ണകുമാറിന് പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ടാറ്റ ഗ്ലോബല്‍ ബെവ്‌റേജസിനെ ലോകത്തിലെ രണ്ടാമത്തെ വലിയ തേയിലക്കമ്പനിയാക്കി മാറ്റിയ ഏറ്റെടുക്കല്‍ നടപടികളില്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഇദ്ദേഹത്തിന്റേതായിരുന്നു.
രയരോത്ത് കുട്ടമ്പള്ളി കൃഷ്ണകുമാര്‍ എന്ന ആര്‍.കെ കൃഷ്ണകുമാര്‍ ചെന്നൈ ലയോള കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി പ്രസിഡന്‍സി കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി.
1963 ല്‍ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസസില്‍ ചേര്‍ന്നു. 1988ല്‍ ടാറ്റ ടീയില്‍ ജോയിന്റ് ഡയറക്ടറും 1991ല്‍ ടാറ്റ ടീ മാനേജിങ് ഡയറക്ടറുമായി. 1996ല്‍ താജ് ഹോട്ടലുകളുടെ ഹോള്‍ഡിങ് കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സിന്റെ എംഡിയും പിന്നീട് വൈസ് ചെയര്‍മാനുമായി. 2007ല്‍ ടാറ്റ സണ്‍സ് ബോര്‍ഡിലെത്തി.