കിഫ്ബി വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൂക്കുപാലത്ത് കമ്പംമെട്ട്- വണ്ണപ്പുറം റോഡിന്റെ ആദ്യറീച്ചായ കമ്പംമെട്ട് മുതൽ ആശാരിക്കവല വരെയുള്ള റോഡിന്റെ നിർമാണ ഉദ്ഘാടനം വീഡിയോ സന്ദേശം വഴി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ കിഫ്ബി പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകിയിരിക്കുന്നത് പൊതുമരാമത്ത് വകുപ്പിന്റെയാണ്. 449 പദ്ധതികളാണ് പി ഡബ്ല്യൂ ഡിക്ക് കീഴിൽ വരുന്നത്. ഇതു പൂർത്തിയാക്കുന്നതോടെ വലിയ മുന്നേറ്റം സംസ്ഥാനത്ത് സാധ്യമാകും. ഈ പദ്ധതികളും ഇന്ന് നിർമാണ ഉദ്ഘാടനം നിർവഹിക്കുന്ന ഈ റോഡും പ്രത്യേക ശ്രദ്ധ നൽകി സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയിൽ സാധ്യതയുള്ള പ്രദേശത്ത് ഈ റോഡ് നിർമാണം ഏറെ പ്രയോജനപ്പെടും. 73851 കോടി 96ലക്ഷം രൂപയുടെ 993 പദ്ധതികൾക്കാണ് കിഫ്ബി അനുമതി നൽകിയത്.3851 കോടി 96 ലക്ഷം രൂപ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ഇരുപതിനായിരം കോടി രൂപ ഭൂമി ഏറ്റെടുക്കലിനുമാണ്. മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണി ടൂറിസം- പൊതുമരാമത്ത് മേഖലയിൽ വിവിധ നിർദേശങ്ങൾ വെച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ
പ്രാദേശിക ഉദ്ഘാടനം എം എം മണി എം എൽ എ നിർവഹിച്ചു. നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ടി കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഉഷാകുമാരി മോഹൻകുമാർ മുഖ്യാതിഥിയായി.
കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മിനി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ കമ്പംമെട്ടിൽ നിന്നും ആരംഭിച്ച് ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ തുടങ്ങിയ താലൂക്കുകളെ ബന്ധിപ്പിച്ച് ടൂറിസം മേഖലയുടെ പ്രാധാന്യം ഉൾക്കൊണ്ട് ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 76.27 കോടി രൂപക്ക് സാങ്കേതിക അനുമതി ലഭിച്ച 28.1 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കമ്പംമെട്ടിൽ നിന്നാരംഭിച്ച് കരുണാപുരം – ശാന്തിപുരം-ബാലൻപിള്ള സിറ്റി രാമക്കൽമേട് തൂക്കുപാലം -മുണ്ടിയെരുമ-താന്നിമൂട് കല്ലാർ ചേമ്പളം -കൗന്തി വഴി ആശാരിക്കവല വരെയാണ് റോഡ് കടന്നു പോകുന്നത്. പ്രൊജക്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് കോട്ടയം ആസ്ഥാനമായ തെരുവത്ത്
ബിൽഡേഴ്സ് കമ്പനിയാണ്. ഒന്നര വർഷമാണ് പ്രോജക്ടിന് അനുവദിച്ചിട്ടുള്ള നിർമ്മാണസമയം. റോഡ് സുരക്ഷയ്ക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന പദ്ധതിയിൽ നിലവിലുള്ള റോഡിന്റെ ഡി ബി എം -ബി സി നിലവാരത്തിലുള്ള പുനരുദ്ധാരണവും അതോടൊപ്പം ആവശ്യമുള്ള സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ ഡ്രൈനേജ് തുടങ്ങിയവയുടെ നിർമ്മാണം, റോഡ് സുരക്ഷ ക്രമീകരണങ്ങളായ റോഡ് മാർക്കിങ്സ്, ദിശാസൂചന ബോർഡുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് നിർമാണം.
പരിപാടിയിൽ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ബേബിച്ചൻ ചിന്താർമണി, വിജയകുമാരി എസ് ബാബു, പി. കെ ബിനു, സതി അനിൽകുമാർ, വിവിധ രാഷ്ട്രീയ സാമൂഹ്യ നേതാക്കളായ പി. എൻ വിജയൻ, വി. സി അനിൽ, എൻ. കെ ഗോപിനാഥൻ, ലത രാജാജി, ജോസ് പൊട്ടംപ്ലാക്കൽ, ജെ പ്രദീപ്, ടി. എം ജോൺ, രമേശ് കൃഷ്ണൻ, ഓമനക്കുട്ടൻ, യൂനസ് പി. എസ്, ധനേഷ് കുമാർ, ശ്രേയസ് ഭദ്രൻ, സിബി മൂലേപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.