സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏഴ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതുതായി നിലവില്‍ വന്നത് 72091 സംരംഭങ്ങളെന്നും 4512.76 കോടി രൂപയുടെ നിക്ഷേപം നടന്നെന്നും വ്യവസായ വകുപ്പ്.
158687 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാനും പദ്ധതിയിലൂടെ കഴിഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഏപ്രില്‍ ഒന്നിനാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്.
നാല് ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കിയും സംരംഭങ്ങളാരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് സൗകര്യമൊരുക്കിയും സര്‍ക്കാര്‍ മുന്നൊരുക്കം പൂര്‍ത്തിയാക്കിയിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ വിജയത്തിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലുമായി 1153 ഇന്റേണുകളെയും നിയോഗിച്ചിട്ടുണ്ട്.
ലക്ഷ്യമിട്ടതിനേക്കാള്‍ വേഗതയിലാണ് സംരംഭകവര്‍ഷാചരണം മുന്നേറുന്നതെന്നും സംരംഭകര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെട്ട ആത്മവിശ്വാസമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.