ചരിത്രനേട്ടത്തിലേക്ക് കുതിച്ച് കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതി. പദ്ധതി ആരംഭിച്ച് 220 ദിവസങ്ങള്‍ക്കുള്ളില്‍ 5000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തില്‍ എത്തിയത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം പദ്ധതികള്‍ ലക്ഷ്യമിട്ടതില്‍, 83200 സംരംഭങ്ങള്‍ ഇതിനോടകം ആരംഭിച്ചു.
ഈ സംരംഭങ്ങളിലൂടെ 181850 തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു.
നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് എറണാകുളം, മലപ്പുറം ജില്ലകളാണ്. ഈ രണ്ട് ജില്ലകളിലുമായി 1286 കോടി രൂപയുടെ നിക്ഷേപമുണ്ടായി.
കോഴിക്കോട് ജില്ലയിലും 500 കോടിയോളം രൂപയുടെ നിക്ഷേപം സംരംഭക വര്‍ഷം പദ്ധതിയിലൂടെ രേഖപ്പെടുത്തി.
ഈ കാലയളവിനുള്ളില്‍ മലപ്പുറം, എറണാകുളം, കൊല്ലം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ എട്ടായിരത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ആറായിരത്തിലധികം സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊല്ലം, തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെല്ലാം പതിനഞ്ചായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ സാധിച്ചു.
കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയിലാണ് ഏറ്റവും കൂടുതല്‍ നിക്ഷേപം ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 1524 കോടി രൂപയുടെ നിക്ഷേപവും 14403 പുതിയ സംരംഭങ്ങളും ഇക്കാലയളവില്‍ കൃഷി – ഭക്ഷ്യ സംസ്കരണ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.അന്‍പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും ഈ സംരംഭങ്ങളിലൂടെ സാധിച്ചു.
ഗാര്‍മെന്റ്സ് ആന്റ് ടെക്സ്റ്റൈല്‍ മേഖലയിലും ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ് മേഖലയിലും പ്രതീക്ഷക്കപ്പുറത്തുള്ള നിക്ഷേപമാണുണ്ടായത്. രണ്ട് വിഭാഗങ്ങളിലുമായി 650 കോടി രൂപയുടെ നിക്ഷേപവും 27000 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.
3 മുതല്‍ 4 ലക്ഷം വരെയുള്ള ആളുകള്‍ക്ക് തൊഴില്‍ കൊടുക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.