ചന്ദ്രയാന് പിന്നാലെ സമുദ്രയാൻ:ആഴക്കടൽ ദൗത്യത്തിനൊരുങ്ങി രാജ്യം

0
650

ചന്ദ്രയാൻ 3-ന്റെയും ആദിത്യ എൽ വണ്ണിന്റെയും വിജയത്തിന് ശേഷം ‘സമുദ്രയാൻ’ ദൗത്യവുമായി രാജ്യം. ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യ വിലയിരുത്തലും പഠിക്കാൻ സമുദ്രത്തിന്റെ 6,000 മീറ്റർ അടിയിലേക്ക് മനുഷ്യരെ അയക്കുന്നതാണ് പദ്ധതിയെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു. മൂന്ന് പേരെയാണ് ആഴക്കടലിലേക്ക് അയക്കുന്നത്. ആദ്യമായിട്ടാണ് മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യത്തിന് രാജ്യമൊരുങ്ങുന്നത്.

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയിൽ വികസിപ്പിക്കുന്ന ‘മത്സ്യ 6000’ എന്ന പ്രത്യേക അന്തർവാഹിനിയിലാണ് ഗവേഷകരെ അയയ്ക്കുക. ആഴക്കടൽ വിഭവങ്ങളും ജൈവവൈവിധ്യവും പഠിക്കുന്നതിനായി കടലിനടിയിലേക്ക് ആറ് കിലോമീറ്റർ ആഴത്തിൽ മൂന്ന് പേരെ അയക്കാനാണ് ഇന്ത്യയുടെ ആദ്യത്തെ ഡീപ് ഓഷ്യൻ മിഷൻ ‘സമുദ്രയാൻ’ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘നീല സമ്പദ്‌വ്യവസ്ഥ’ (Blue Economy) എന്ന പ്രഖ്യാപനത്തെ തുടർന്നാണ് പദ്ധതി.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മെച്ചപ്പെടുത്താനും, സമുദ്ര ആവാസവ്യവസ്ഥയുടെ സന്തുലനാവസ്ഥ നിലനിർത്താനും, സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗം വിഭാവനം ചെയ്യാനുമാണ് പദ്ധതിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘മത്സ്യ 6000’ന്റെ ചിത്രങ്ങളും മന്ത്രി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ‘മത്സ്യ 6000’ അന്തർവാഹിനിയിൽ ഓക്‌സിജൻ സപ്ലൈ, ഹ്യുമിഡിറ്റി കൺട്രോളർ എന്നിവ സജ്ജീകരിക്കും. ഷർട്ട്-സ്ലീവ് അന്തരീക്ഷം ഉള്ളതിനാൽ, അന്തർവാഹിനിക്കുള്ളിൽ ടീമിന് സാധാരണ വസ്ത്രം ധരിക്കാം. 2020-2021 മുതൽ 2025-2026 വരെയുള്ള അഞ്ച് വർഷമാണ് ദൗത്യത്തിന്റെ പ്രൊജക്റ്റ് ടൈംലൈൻ.