ദശാബ്ദങ്ങൾക്ക് ശേഷം ആദ്യമായി മദ്യ വിൽപനശാല തുറന്ന് സൗദി അറേബ്യ. ആദ്യ സ്റ്റോർ രാജ്യതലസ്ഥാനമായ റിയാദിൽ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്ന കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നടപടികളുടെ ഭാഗമായാണ് രാജ്യത്ത് മദ്യ വിൽപനശാലയ്ക്കും തുടക്കമിടുന്നതെന്നാണ് വിവരം.
അമുസ്ലിങ്ങളായ വിദേശ നയതന്ത്രജ്ഞന്മാരെ ലക്ഷ്യമിട്ടാണ് നിലവിൽ സൗദി മദ്യശാല ആരംഭിച്ചിരിക്കുന്നത്. മദ്യം വേണ്ടവർ ഡിപ്ലോ (Diplo) എന്ന മൊബൈൽ ആപ്പ് വഴി വിദേശകാര്യ മന്ത്രാലയത്തിൽ അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ക്വാട്ടയായി മദ്യം അനുവദിക്കും. 21 വയസിന് മുകളിൽ പ്രായമുള്ളവർക്കേ മദ്യം അനുവദിക്കൂ. 1952 വരെ സൗദിയിൽ മദ്യം ലഭിച്ചിരുന്നുവെന്നും തുടർന്നാണ് വിലക്കേർപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ടുകൾ. നിലവിൽ, ലോകത്തെ ഏറ്റവും വലിയ ക്രൂഡോയിൽ ഉത്പാദക, കയറ്റുമതി രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ 75 ശതമാനവും സംഭാവന ചെയ്യുന്നത് ക്രൂഡോയിൽ തന്നെ.
കൊവിഡ് കാലത്ത് ക്രൂഡോയിൽ വില ബാരലിന് 20 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിൽ മറ്റ് വരുമാന മാർഗങ്ങളും ശക്തിപ്പെടുത്തണമെന്ന ചിന്തകളുടെ ഭാഗമായി സൗദി രാജ്യത്ത് ടൂറിസത്തിനും തുടക്കമിട്ടിരുന്നു. എണ്ണ ഇതര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ‘വിഷൻ 2030’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മദ്യശാലകൾ ഉൾപ്പെടെ തുറന്ന് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നത്. സിനിമാ തിയേറ്ററുകൾക്കുള്ള വിലക്കുകളും സൗദി മാറ്റിയിരുന്നു.