തൊഴിൽ വിസ ചട്ടങ്ങൾ കടുപ്പിച്ച് സൗദി അറേബ്യ. രാജ്യത്തെ തൊഴിൽ നിയമനങ്ങൾ കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാറ്റങ്ങളെന്ന് മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വിദേശ തൊഴിലാളിക്ക് വിസ നൽകുന്നതിന് അവിവാഹിതരായ സൗദി പൗരന്മാരുടെ ഏറ്റവും കുറഞ്ഞ പ്രായം 24 ആയി നിശ്ചയിച്ചു.
സൗദി പൗരന്മാർ, ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർ, സൗദി പുരുഷന്മാരുടെ വിദേശികളായ ഭാര്യമാർ, അവരുടെ അമ്മമാർ എന്നിവർക്കാണ് വിദേശ തൊഴിലാളികളെ നിയമിക്കാൻ വിസയ്ക്കായി അപേക്ഷിക്കാൻ സാധിക്കുക. സൗദി പ്രീമിയം റെസിഡൻസി കാർഡുള്ളവർക്കും വിദേശ തൊഴിലാളികളെ നിയമിക്കാം.
വിദേശ തൊഴിൽ വിസ ലഭ്യമാക്കുന്നതിന് തൊഴിൽദാതാവിന്റെ ബാങ്ക് അക്കൗണ്ടിൽ കുറഞ്ഞത് 40,000 സൗദി റിയാൽ (8.88 ലക്ഷം രൂപ) ഉണ്ടാവണം. രണ്ടാം വിസ കൊടുക്കണമെങ്കിൽ ബാങ്ക് അക്കൗണ്ടിൽ 60,000 റിയാൽ (13 ലക്ഷം രൂപ) വേണം. ശമ്പളം കുറഞ്ഞത് 7,000 റിയാലും (1.55 ലക്ഷം രൂപ) ആയിരിക്കണം. മൂന്നാം വിസ വേണമെങ്കിൽ ബാങ്ക് അക്കൗണ്ടിൽ മിനിമം 2 ലക്ഷം റിയാൽ (44 ലക്ഷം രൂപ) വേണം. ശമ്പളം 25,000 റിയാലും (5.55 ലക്ഷം രൂപ) ആയിരിക്കണം. മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. കഴിഞ്ഞ ജൂലൈയിൽ പുറത്തുവന്ന വിവരാവകാശ രേഖ പ്രകാരം 27 ലക്ഷത്തോളം ഇന്ത്യക്കാർ സൗദിയിലുണ്ട്. ഇതിൽ ഏതാണ്ട് പകുതിയും മലയാളികളാണ്.