2019 ഏപ്രിൽ 1 നും 2024 ഫെബ്രുവരി 15 നും ഇടയിൽ വ്യക്തികളും സ്ഥാപനങ്ങളും മൊത്തം വാങ്ങിയത് 22,217 ഇലക്ടറൽ ബോണ്ടുകളെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിൽ 22,030 എണ്ണം രാഷ്ട്രീയ പാർട്ടികൾ റെഡീം ചെയ്യുകയും ചെയ്തതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. 2018 ജനുവരി 2ലെ ഗസറ്റ് വിജ്ഞാപനം നമ്പർ 20 പ്രകാരം പതിനഞ്ച് ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്യാത്ത ഇലക്ടറൽ ബോണ്ടുകൾ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയതായും എസ്ബിഐ അറിയിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരം, മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭ്യമാക്കിയതായി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, എസ്ബിഐ വ്യക്തമാക്കി.
ഓരോ ഇലക്ടറൽ ബോണ്ടുകളും വാങ്ങിയ തീയതി, വാങ്ങിയ ആളുകളുടെ പേരുകൾ, വാങ്ങിയ ബോണ്ടുകളുടെ മൂല്യം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകിയിട്ടുണ്ടെന്ന് എസ്ബിഐ അറിയിച്ചു. എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര സമർപ്പിച്ച സത്യവാങ്മൂലത്തിൽ, ഇലക്ടറൽ ബോണ്ടുകൾ പണമാക്കിയ തീയതി, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ, ബോണ്ടുകളുടെ മൂല്യം തുടങ്ങിയ വിശദാംശങ്ങളും ബാങ്ക് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിട്ടുണ്ട്.
രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്‌കരിച്ചതാണ് ഇലക്ടറൽ ബോണ്ടുകൾ. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 15ന് ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇലക്ടറൽ ബോണ്ടുകൾ സുപ്രീം കോടതി അസാധുവാക്കി. സി.പി.എമ്മും ചില സംഘടനകളും ബോണ്ടിനെതിരെ കോടതി സമീപിച്ചതിനെ തുടർന്നായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹർജി തള്ളുകയും മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അറിയിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.