ആദ്യമായി ആറ് ലക്ഷം കോടി രൂപ കവിഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിപണി മൂല്യം. ഇതോടെ എൽ.ഐ.സിക്ക് പിന്നാലെ ആറ് ലക്ഷം കോടിയെന്ന റെക്കോഡ് പിന്നിടുന്ന രണ്ടാമത്തെ പൊതുമേഖലാ കമ്പനിയായി എസ്.ബി.ഐ മാറി. നിലവിലെ വിലയനുസരിച്ച് 6.11 ലക്ഷം കോടിയാണ് എസ്.ബി.ഐയുടെ വിപണി മൂല്യം.
ബി.എസ്.ഇയുടെ കണക്കുകളനുസരിച്ച് എട്ട് ഇന്ത്യൻ കമ്പനികൾ മാത്രമാണ് ആറ് ലക്ഷം കോടി വിപണി മൂല്യം പിന്നിട്ടിട്ടുള്ളത്. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഫോസിസ്, എൽ.ഐ.സി, ഭാരതി എയർടെൽ എന്നിവയാണ് വിപണി മൂല്യത്തിൽ എസ്.ബി.ഐയ്ക്ക് മുന്നിലുള്ളത്.
അതേസമയം 2023-24 സാമ്പത്തിക വർഷത്തിലെ ഒക്ടോബർ-ഡിസംബർ പാദത്തിൽ എസ്.ബി.ഐയുടെ ഏകീകൃത ലാഭം 35.50 ശതമാനം വാർഷിക ഇടിവോടെ 9,164 കോടി രൂപയായി കുറഞ്ഞിരുന്നു. ഉയർന്ന ശമ്പള നീക്കിയിരിപ്പും മറ്റുമാണ് ലാഭത്തെ ബാധിച്ചത്.