യൂറോപ്പിലേക്കുള്ള യാത്രക്കാർക്ക് ആശ്വാസം:ഷെങ്കൻ വിസ ഓൺലൈനാക്കുന്നു

0
270

ഷെങ്കൻ വിസ അപേക്ഷ ഡിജിറ്റൽ ആക്കാൻ യൂറോപ്യൻ യൂണിയൻ. ഇതോടെ യൂറോപ്പിലെ ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള ‘ഒറ്റ വിസ’ നടപടിക്രമങ്ങള്‍ ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് മാറും. ഡിജിറ്റലാകുന്നതോടെ, വിസ അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിപ്പിക്കേണ്ടി വരില്ല. കോൺസുലേറ്റ് അല്ലെങ്കിൽ സേവന ദാതാക്കളുടെ സഹായമില്ലാതെ തന്നെ വിസ നേടാം.

സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാവുന്ന വിസ സൗകര്യമാണ് ഷെങ്കൻ വിസ. ഒരു വിസയ്ക്ക് ഏത് ഷെങ്കൻ രാജ്യത്തും സാധുതയുണ്ട്. ആദ്യം പ്രവേശിക്കുന്ന രാജ്യത്ത് വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. നിലവില്‍ 15 ദിവസം മുമ്പ് അപേക്ഷ നല്‍കിയാൽ മാത്രമേ ഷെങ്കന്‍ വിസ ലഭിക്കൂ.

ഓൺലൈൻ വിസ സംവിധാനം വരുന്നതോടെ യാത്രക്കാർക്കുള്ള വിസ അപേക്ഷാ നടപടിക്രമങ്ങൾ ലളിതമാകും. ഡിജിറ്റൽവൽക്കരണത്തോടെ, ഷെങ്കൻ മേഖലയിലെ ഹ്രസ്വകാല താമസത്തിനായി അപേക്ഷിക്കുന്ന വ്യക്തികൾ ആവശ്യമായ രേഖകളും ഡാറ്റയും അവരുടെ യാത്രാ രേഖകളുടെ ഇലക്ട്രോണിക് പകർപ്പുകളും ബയോമെട്രിക് വിവരങ്ങളോടൊപ്പം അപ്‌ലോഡ് ചെയ്യുകയും ഫീസ് അടയ്ക്കുകയും ചെയ്യുന്നതെല്ലാം ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും.