ആക്രി വ്യാപാര സംരംഭം ആരംഭിച്ച് ഇരട്ടയാര്‍ പഞ്ചായത്ത്. ഹരിതകര്‍മസേനയ്ക്ക് പഞ്ചായത്ത് ഭരണസമിതി ഇതിനുള്ള അനുമതി നല്‍കിയതോടെയാണ്
കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ യൂണിറ്റ് പ്രവര്‍ത്തനവുമാരംഭിച്ചിരിക്കുന്നത്.
വാത്തിക്കുടി പഞ്ചായത്തിലെ ഹരിതകര്‍മസേന ശേഖരിച്ച 600 കിലോ പാഴ്വസ്തുക്കള്‍ ഏറ്റെടുത്തുകൊണ്ടാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്.
ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനാണ് തൊഴില്‍ യൂണിറ്റ് കൂടി ആരംഭിച്ചതെന്ന് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പറഞ്ഞു. പാമ്പാടുംപാറ പഞ്ചായത്തിന്റെ ആവശ്യപ്രകാരം അവിടെ നിന്നും പാഴ്‌വസ്തുക്കള്‍ ഏറ്റെടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.
മറ്റ് ഏജന്‍സികള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയവില നല്‍കിയാണ് ഹരിതകര്‍മ സേനാ യൂണിറ്റ് പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളുമെല്ലാം ഏറ്റെടുക്കുന്നതെന്ന് യൂണിറ്റ് ഭാരവാഹികളായ പി.ടി. നിഷമോള്‍, ലിജിയമോള്‍ ജോസഫ് എന്നിവര്‍ പറഞ്ഞു. ഗുളികയുടെ സ്ട്രിപ്പുകള്‍ മുതല്‍ മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കു വരെ ഇവര്‍ ഏറ്റെടുക്കും.